തിരൂർ : റെയിൽ വേസ്റ്റേഷനിൽ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്കുള്ള ലിഫ്റ്റ് തകരാറായി ഏഴ് പേർ രണ്ടേമുക്കാൽ മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഇലക്ട്രിക്കൽ വിഭാഗം പരിശോധനയും അന്വേഷണവും തുടങ്ങി. ലിഫ്റ്റിൽ ആളുകൾ കയറിയശേഷം ചലിച്ചുതുടങ്ങിയപ്പോൾ വൈദ്യുതി നിലയ്ക്കുകയും തുടർന്ന് യാത്രക്കാർ ഭയചകിതരായി ലിഫ്റ്റിന്റെ വാതിൽ പിടിച്ചുതുറക്കാൻ ശ്രമിച്ചതുമാകും പ്രശ്നത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
വൈദ്യുതി നിലച്ചാൽ ലിഫ്റ്റിൽ ചെറിയ കുലുക്കമുണ്ടാകുകയും 15 സെക്കൻഡിനുള്ളിൽ ഇൻവർട്ടർ പ്രവർത്തിച്ച് ലിഫ്റ്റ് വീണ്ടും കുറഞ്ഞ വേഗതയിൽ പ്രവർത്തിക്കുകയും ഏതെങ്കിലും ഒരു ഫ്ലോറിൽ നിൽക്കുകയുംചെയ്യും. തുടർന്ന് വാതിൽതുറന്ന് സുരക്ഷിതമായി പുറത്തേക്ക് കടക്കാമെന്നാണ് സാങ്കേതിക വിവരം. എന്നാൽ വൈദ്യുതി നിലച്ച് ലിഫ്റ്റ് നിന്നാൽ വാതിൽ തൊടുകയോ അനാവശ്യമായി സ്വിച്ചുകൾ അമർത്തുകയോ ചെയ്താൽ ലിഫ്റ്റ് ഇൻവർട്ടറിന്റെയും പ്രവർത്തനം നിലയ്ക്കും.



