തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ 3.85 കോടിരൂപയുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളും. 207 വായ്പകളാണ് എഴുതിത്തള്ളുക. ബാങ്കിന്റെ ചൂരൽമല, മേപ്പാടി ശാഖകളിലെ വായ്പ എഴുതിത്തള്ളാൻ കഴിഞ്ഞവർഷം ആഗസ്തിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി ഒമ്പത് വായ്പകളിലായി 6.36 ലക്ഷംരൂപ എഴുതിത്തള്ളി. സമഗ്രവിവരം റവന്യൂവകുപ്പിൽനിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി വായ്പകളും എഴുതിത്തള്ളാൻ തീരുമാനിച്ചത്.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അയൽക്കൂട്ട അംഗങ്ങൾക്കായി രണ്ടുലക്ഷം രൂപവരെയുള്ള പുതിയ കൺസ്യൂമർ/പേഴ്സണൽ വായ്പാപദ്ധതി നടപ്പാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷൻ തെരഞ്ഞെടുത്ത് നൽകുന്ന അംഗത്തിനാണ് വായ്പ നൽകുക. വയനാട് ദുരന്തപശ്ചാത്തലത്തിൽ കേരള ബാങ്ക് 50 ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ബാങ്ക് ജീവനക്കാർ 5.25 കോടിരൂപയും നൽകി. ദുരന്തപശ്ചാത്തലത്തിൽ വായ്പ എഴുതിത്തള്ളാൻ ആദ്യം തീരുമാനിച്ചതും കേരള ബാങ്കാണ്.