കൊച്ചി : കൊച്ചി നഗരത്തിലേക്ക് എത്തുന്ന മയക്കുമരുന്നിന്റെ പ്രധാന ഉറവിടം കോൺഗ്രസ് ഭരിക്കുന്ന കർണാടകം. ബംഗളൂരുവിൽ ഉൾപ്പെടെയുള്ള ലാബുകളിൽ തയ്യാറാക്കുന്ന രാസലഹരിയാണ് കൊച്ചിയിൽ വിൽപ്പനയ്‌ക്കായി എത്തിക്കുന്നത്. 2024, 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 3240 പേരെയാണ് വിവിധ മയക്കുമരുന്നുകളുമായി സിറ്റി പൊലീസ് പിടികൂടിയത്. പിടിയിലായ ക്യാരിയർമാരെ ചോദ്യം ചെയ്‌തപ്പോൾ ഉറവിടം ബംഗളൂരുവാണെന്ന് വെളിപ്പെടുത്തി.
നൈജീരിയൻ പൗരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലാബിലാണ് എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ തയ്യാറാക്കുന്നതെന്നും ഇവർ വെളിപ്പെടുത്തി. ബംഗളൂരുവിലെ മലയാളികളുൾപ്പെടെയുള്ള ഇടനിലക്കാരിൽനിന്ന് ലഹരി വാങ്ങി വിവിധ മാർഗങ്ങളിലൂടെ കൊച്ചിയിൽ എത്തിച്ചാണ് വിൽപ്പനയെന്നും പൊലീസ് കണ്ടെത്തി.
എന്നാൽ, ലഹരി ഉറവിടമായ ലാബുകളിലേക്ക് എത്താനും അവിടെയുള്ളവരെ പിടികൂടാനും കേരള പൊലീസിന് പരിമിതിയുണ്ട്. ഇതുകാരണം അന്വേഷണം ഇടനിലക്കാരിൽ അവസാനിക്കുകയാണ്. കർണാടക സർക്കാരും അവിടെയുള്ള പൊലീസ് സംവിധാനവും ശക്തമായ നിലപാട് സ്വീകരിച്ചാൽ മാത്രമെ ലഹരികടത്ത് പൂർണമായി അവസാനിപ്പിക്കാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഡാൻസാഫ് സംഘത്തെ ഉൾപ്പെടെ ഉപയോഗിച്ച് ലഹരിയിടപാടുകാരെ കണ്ടെത്താനും അകത്താക്കാനും ഊർജിത നടപടികളാണ് സ്വീകരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞവർഷം 2795 പേരെയും ഈ വർഷം ഇതുവരെ 455 പേരെയും പിടികൂടി. കഴിഞ്ഞവർഷം 2475, ഈ വർഷം 400 കേസുകളും രജിസ്‌റ്റർ ചെയ്‌തു. ആകെ 2875. വാണിജ്യ അളവിലുള്ള ലഹരിപിടിച്ച കേസുകളുടെ എണ്ണം 2024ൽ 44 ആണ്. ഈ വർഷം 11.