കോട്ടയം: വള്ളക്കാരുടെ പോര് പോലീസ് സ്റ്റേഷൻ വരെയെത്തി.താഴത്തങ്ങാടി വള്ളംകളിയില്‍ മത്സരത്തിനിടെ ട്രാക്കിനു കുറുകെയിട്ട ചെറുവള്ളം കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബോട്ട് ക്ലബിൻ്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ മത്സരിച്ച ‘പുന്നത്ര പുരയ്ക്കൻ’ വള്ളത്തിന്റെ ക്ലബ്ബ് ഭാരവാഹികളും തുഴച്ചിലുകാരുമാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മത്സരത്തിന്റെ ഫൈനല്‍ ഘട്ടത്തില്‍ തങ്ങള്‍ ഒന്നാമതായി കുതിച്ചു ഫിനിഷിംഗ് പോയിന്റിലേക്ക് അടുക്കുമ്പോഴാണ് ട്രാക്കിലേക്ക് ഒരു ചെറുവള്ളം മനപ്പൂർവ്വം കുറുകെയിട്ടതെന്ന് ക്യാപ്റ്റനും ക്ലബ്ബ് സെക്രട്ടറിയുമായ ഷാല്‍ ആരോപിച്ചു
കാണികളും സംഘാടകരും മൈക്കിലൂടെ നിരന്തരം നിർദ്ദേശം നല്‍കിയിട്ടും വള്ളത്തിലുണ്ടായിരുന്നയാള്‍ മാറാൻ തയ്യാറായില്ലെന്നും, ഇത് മനപ്പൂർവ്വം തങ്ങളെ തോല്‍പ്പിക്കാൻ ആസൂത്രണം ചെയ്തതാണെന്നും ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നു.
മൂന്ന് മാസത്തോളം നീണ്ട കഠിന പരിശീലനത്തിനൊടുവില്‍ നാട്ടുകാരില്‍ നിന്നും പ്രവാസികളില്‍ നിന്നും പണം സ്വരൂപിച്ചാണ് ചുങ്കം സ്വദേശികളായ ചെറുപ്പക്കാർ മത്സരത്തിനിറങ്ങിയത്.
ഉറപ്പിച്ച വിജയം ഇത്തരമൊരു അനാസ്ഥ മൂലം നഷ്ടമായതില്‍ വൻ പ്രതിഷേധമാണുണ്ടായത്.



