തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്. നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന മന്ത്രിയുടെ മറുപടി തെറ്റാണെന്നും നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വീണാ ജോർജ് പറഞ്ഞു.
എത്ര നിരുത്തരവാദപരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ കെ മുരളീധരന് എങ്ങനെയാണ് ഇങ്ങനെയൊരു മറുപടി പറയാന്‍ കഴിയുന്നതെന്നത് അമ്പരപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്‍ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്നും വീണാജോര്‍ജ് ആവശ്യപ്പെട്ടു. നിപ രോഗികളുടെ കൃത്യമായ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്.
എന്തെല്ലാം മരുന്നുകൾ കൊടുത്തു, എന്ത് ചികിത്സ നൽകി എന്നതിന്റെ എല്ലാ രേഖകളും സർക്കാരിന്റെ പക്കലുണ്ട്.
‘മരുന്നില്‍ കാലാവധി തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് മരുന്ന് വാങ്ങിച്ചുവെന്ന് ആരോഗ്യമന്ത്രി പറയുന്നത് കേട്ടു. ഇപ്രാവശ്യം മരുന്നുവാങ്ങിയത് ബഹറൈനില്‍ നിന്നല്ലേ. ബഹറൈന്‍ വിദേശരാജ്യം അല്ലേ. സാധാരണക്കാര്‍ക്ക് പോലും കാലാവധി മരുന്നില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാന്‍ കഴിയും. ഒരു സുപ്രഭാതത്തില്‍ വന്നിട്ട് എത്രപേര്‍ മരിച്ചു എന്നറിയില്ല എന്നൊക്കെ മന്ത്രി പറയുകയാണ്. പൊടുന്നനെ സഭയുടെ ഫ്ലോറില്‍ ഉണ്ടായ വിഷയം അല്ലിത്. മാത്യു കുഴല്‍ നാടനെ കൊണ്ട് ചോദ്യം ഉന്നയിപ്പിച്ചതാണ്. മന്ത്രിക്ക് ഉത്തരം തയ്യാറാക്കാന്‍ സമയമുണ്ടായിരുന്നു. അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരിച്ചു.
എത്ര നാളുകള്‍ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ശിശുമരണം സംഭവിക്കുന്നത്. ആരോഗ്യവകുപ്പില്‍ എന്നും പ്രശ്‌നങ്ങളാണ്. ഇതെല്ലാം മറച്ചുവെക്കുന്നതിനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. ആളുകളെ ഭയചകിതരാക്കുന്ന പ്രസ്താവന ആരോഗ്യമന്ത്രി നടത്തി. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല’, വീണാ ജോര്‍ജ് പറഞ്ഞു.
ആകെ അഞ്ച് നിപ രോഗികള്‍ക്കാണ് മരുന്ന് കൊടുത്തിട്ടുള്ളത്. മരുന്ന് സ്വീകരിച്ചവര്‍ എല്ലാം ഇന്ന് ജീവനോടെയുണ്ട്. നിപ പകര്‍ച്ചവ്യാധിയുടെ മരണനിരക്ക് 70%ത്തിന് മുകളിലാണ്. കേരളത്തില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ഏറ്റവും വിജയകരമായ മരുന്നാണ് നല്‍കിയത്. 2023 ജൂലൈയില്‍ മരുന്നിന്റെ കാലാവധി കഴിയുകയാണെങ്കില്‍ പിന്നെ മരുന്നിന്റെ മൂവ്‌മെന്‌റ് സാധിക്കില്ല.
മരുന്ന് ലോക്ക് ആകും. ഒരു ഗോഡൗണില്‍ നിന്നും മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് കൊണ്ടുപോകണമെങ്കില്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണം. കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പോര്‍ട്ടല്‍ ലോക്ക്ഡ് ആകും. മരുന്ന് കൊണ്ടുപോകാന്‍ പിന്നെ സാധിക്കില്ല’, വീണ വ്യക്തമാക്കി.
നിപ, കൊവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.



