Friday, April 12, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | മാർച്ച് 07| വ്യാഴം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | മാർച്ച് 07| വ്യാഴം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സവിശേഷമായ കൂട്ടുകെട്ട്

പർവതത്തിൽ നിന്നുത്ഭവിച്ച അരുവി, സാവകാശം ഒഴുകി മരുഭൂമിയിലെത്തി. മറ്റു സ്ഥലങ്ങളിലതു ചെയ്തതുപോലെ, മരുഭൂമി മുറിച്ചുകടക്കാനതു ശ്രമിച്ചു. എന്നാൽ, മരുഭൂമിയതിനെ കുടിച്ചു വറ്റിച്ചു കളഞ്ഞു. നിമിഷങ്ങൾക്കകം അതപ്രത്യക്ഷമായി.

പെട്ടെന്നൊരു ശബ്ദം അരുവി കേട്ടു: “കാറ്റു മരുഭൂമി മുറിച്ചു കടക്കുന്നു, നിനക്കുമതിനാകും”അരുവി വിയോജിച്ചു
“കാറ്റിനു പറക്കാം. എന്നേക്കൊണ്ടതിനാവില്ല. എന്നെ മരുഭൂമി കുടിച്ചു വറ്റിക്കുന്നു”‘.ശബ്ദം തുടർന്നു”നീ പതിവു പോലെ ഒഴുകിയാൽ, നിനക്കു മരുഭൂമി മുറിച്ചുകടക്കാൻ പറ്റില്ല.എന്നാൽ, നിന്നെ വഹിക്കുവാൻ നീ കാറ്റിനെ അനുവദിച്ചാൽ, നിനക്കു ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനാകും”.

തൻ്റെ അസ്ഥിത്വം നഷ്ടപ്പെടില്ലെന്നായി അരുവി, പക്ഷെ ശബ്ദം തുടർന്നു: “അരുവി നീരാവിയാകണം. കാറ്റതിനെ വഹിച്ചുകൊണ്ടു ചെന്നു മലമുകളിൽ പെയ്യാനനുവദിക്കണം” അരുവി അതിനനുവദിച്ചു. മലമുകളിൽ മഴയായി അതു പെയ്തു. വീണ്ടും അരുവിയൊഴുകാനാരംഭിച്ചു.

അസ്ത്വിത്വം സ്വയാശ്രയത്തിലൂടെയാണു സാദ്ധ്യമാകുക. എന്നാൽ നിലനില്പു പരാശ്രയത്തിലൂടെയും. നിലനിൽക്കാത്ത ഒന്നിനു, ഒരസ്തിത്വവുമില്ല. എന്നാൽ, അസ്തിത്വമുള്ളവ, നിലനിൽപ്പിൻ്റെ വഴികൾ സ്വയം തേടുകയും വേണം.
ആരും അവരവരിൽത്തന്നെ പൂർണ്ണരല്ല. പരസ്പരാശ്രയമാണു നമ്മെ പൂർണ്ണതയിലെത്തിക്കുന്നത്.

തീയും വെള്ളവും, പരസ്പര ശത്രുക്കളും, ഒരിക്കിലും ഒരുമിച്ചു ചേരാനാവാത്തവരുമാണ്. എന്നാൽ തീയടുപ്പിനു മുകളിലിരുന്ന്, കഞ്ഞിയും, വിവിധ രസക്കൂട്ടുകളും വേവുന്നെങ്കിൽ, അതു പറഞ്ഞു തരുന്നത്,പരസ്പര ബഹുമാനത്തോടെയുള്ള കൂട്ടുചേരലിൻ്റെ ബാലപാഠമാണ്.

സ്വന്തമായി വഴിയുണ്ടാക്കി നദി പോലെ ഒഴുകണം, ജീവിതം. ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത വഴികളാണ് ചിലപ്പോൾ, ജീവൻ നിലനിർത്തുവാൻ സഹായിക്കുക. സവിശേഷ കൂട്ടുകെട്ടിലൂടെയാണതിനു സാധിക്കുക. നമുക്കുതിനാകട്ടെ.

സർവ്വേശ്വരൻ സഹായിക്കട്ടെ
ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments