തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു. സാഹചര്യം ഗുരുതരമായാൽ ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി എസ്എംഎസ് അലേർട്ടുകളും നൽകിയിട്ടുണ്ട്. മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ സജ്ജമാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
അതേസമയം, കനത്ത മഴയിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും സംസ്ഥാനത്ത് ഇന്ന് ആറ് പേർ മരിച്ചു. ഇടുക്കി കൊട്ടക്കമ്പൂരിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾ മരിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചെന്നൈ സ്വദേശിയും മരിച്ചു.
പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ഇവിടെ നാല് പേരെ കാണാതായതായും വിവരമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാണ് നിർദേശം.



