പയ്യന്നൂരിൽ നിന്ന് വണ്ടി കയറുമ്പോൾ മുതൽ ഈയിടെയായി
രാഹുലിന്റെ ചിന്ത മുഴുവൻ തീവണ്ടി ആ തൃക്കരിപ്പൂർ സ്റ്റേഷനിൽ പെട്ടെന്ന് എത്തിച്ചേരുക എന്ന് മാത്രമാണ്.
കാഞ്ഞങ്ങാട് ജോലിയുള്ള അയാൾ
പതിവായി മലബാർഎക്സ്പ്രസിൽ ആണ് യാത്ര.തിങ്ങിനിറഞ്ഞ കംമ്പാർട്ട്മെന്റിൽ നിന്നാണ് പലപ്പോഴും യാത്ര.മംഗലാപുരം ആശുപത്രിയിൽ പോകുന്ന ആളുകളുടെ തിരക്കായിരിക്കും എന്നും.
പയ്യന്നൂരിന്റെ അടുത്ത സ്റ്റേഷൻ തൃക്കരിപ്പൂർ ആണ്. ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് അങ്ങനെ പോകും.പയ്യന്നൂർ വിട്ടാൽ
ഒളവറ പാലത്തിലൂടെ വണ്ടി വടക്കോട്ട് ഒഴുകി പോകുന്നു.വടയും ചായയും
വില്ക്കുന്ന ആളുകൾ ഇടയ്ക്ക് കയറുന്നുണ്ടാകാം.
തൃക്കരിപ്പൂർ സ്റ്റേഷനിൽ വെച്ചാണ് അവൾ വണ്ടിയിൽ കയറുന്നത്.ചെറുതായി ചുവപ്പിച്ച അവളുടെ മനോഹരമായ
മുടിയാണ് മനസ്സിൽ ആദ്യം സേവ് ആയത്.
അത് ആരോ ഒരു ഒടിവ് പറ്റാതെ നിവർത്തി വെച്ച് മുറിച്ച് ഒരേ പോലെയാക്കിയ പുൽത്തകിടി പോലെ നിർത്തിയിരിക്കുന്നു.
പിന്നെ ആ കുഞ്ഞു പൂക്കൾ വാരിവിതറിയ അവളുടെ സാരി, പിന്നെ ഓരോന്നായി എന്നും മനസ്സിൽ സേവ് ചെയ്തു.
കാഞ്ഞങ്ങാട് എത്തിച്ചേരുന്നത് പലപ്പോഴും മറന്നു പോയിരുന്നു.അവിടെ ഇറങ്ങാനും മടി വന്നു തുടങ്ങിയിപ്പോൾ,നീലേശ്വരം പുഴയുടെ മുകളിലൂടെ ഓടുന്ന ട്രെയിൻ, പുഴ അത് യമുനാ നദി പോലെയൊക്കെ തോന്നി തുടങ്ങി.
പേര് എന്ത്, വീടെവിടെ തുടങ്ങി ഓരോ ചോദ്യവും നാളേയ്ക്ക് – നാളേയ്ക്ക് മാറ്റിവെച്ചു.ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഐഡന്റിറ്റി അവളെ പരിചയപ്പെടുത്തണമെന്നുണ്ട്.അത്ര സുന്ദരിയൊന്നുമല്ലെങ്കിലും മെലിഞ്ഞ ഉടലും
അവളുടെ ഒഴിഞ്ഞ കഴുത്തും വേറെ ഏതോ തീരത്തിലെത്തിച്ചു.
കൂട്ടുകാരെന്റെ കൂടെ പയ്യന്നൂരിലെ അർച്ചനാ ബാറിൽ ഇഷ്ടപ്പെട്ട
ലഹരിയുടെ കൂടെ കൂടുമ്പോഴും അവളുടെ കണ്ണുകളിലെ പുഞ്ചിരി ഒരു ലഹരി ആയി നുര പൊന്തി.
മൂളിപ്പാട്ട് പാടിയും ലാപ്പിൽ താളം പിടിച്ചും ഉള്ള അയാളുടെ ഈ മാറ്റം ഭാര്യ പെട്ടെന്ന് കണ്ടുപിടിച്ചു.
ഹൃദയമിടിപ്പ് കൂടി – കൂടി വരാറുണ്ട് അവളുടെ സ്‌റ്റേഷൻ എത്തുമ്പോൾ.
അവിടെ ഇറങ്ങി അവളെ പരിചയപ്പെടാനും, കണ്ണിൽ നോക്കിയിരിക്കാനും എന്നും വെമ്പി കൊണ്ടിരുന്നു.
കൊറോണ വന്നു നീണ്ട അവധി ട്രെയിൻ ഗതാഗതം നിലച്ചപ്പോൾ ഏതോ വിഷാദം അലയടിച്ചു കൊണ്ടിരുന്നു.കൊറോണ കുറച്ച് പിൻവാങ്ങി വീണ്ടും
യാത്ര തുടരവെ,എവിടെയും അവളെ കണ്ടില്ല.
ഒന്നാം ദിവസം, രണ്ടാം ദിവസം… ദിവസങ്ങൾ അങ്ങനെ നീണ്ടു നീണ്ടു പോയി.ഒരിക്കലും തിരിച്ചു വരാതെ അവളെയും മാരക വൈറസ് കൊണ്ടുപോയതറിയാതെ വരും അവൾ എന്ന് വെറുതെ അയാൾ ഇപ്പോഴും
വിചാരിക്കാറുണ്ട്.ആ സ്റ്റേഷനെ ആരാധനയോടെ ഹൃദയതുടുപ്പോലെ
നോക്കിയിരിക്കാറുണ്ട്.



