Tuesday, September 22, 2026
Homeകേരളംമൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്.

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നിലപാട് മാറ്റവുമായി വിജിലൻസ്. വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്. നേരത്തെ അനുമതി ആവശ്യമാണെന്നായിരുന്നു വിജിലൻസിന്റെ നിലപാട്.

പ്രോസിക്യൂഷൻ അനുമതി വേണമോ എന്ന കാര്യത്തിൽ ഇനി ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കുക. പിന്നാക്ക വിഭാഗ വികസന വകുപ്പും നേരത്തെ തന്നെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.

സർക്കാർ വകുപ്പുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതിൽ കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയത്തിൽ സർക്കാരിന്റെ നിയമപരമായ നിലപാട് വ്യക്തമാക്കാൻ സർക്കാർ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടെങ്കിലും കൃത്യമായ നിലപാട് വ്യക്തമാക്കാൻ കഴിയാത്തത് സിംഗിൾ ബെഞ്ചിന്റെ വിമർശനത്തിന് ഇടയാക്കി.

സർക്കാർ അഭിഭാഷകന്റെ നടപടികളിൽ കോടതി രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. നിലവിലെ അഭിഭാഷകന് സർക്കാർ അഭിഭാഷകനായി തുടരാനുള്ള യോഗ്യത സംബന്ധിച്ചും കോടതി പരാമർശം നടത്തി. പകരം മറ്റൊരു അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

ഇതിന് പിന്നാലെ കേസിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച വിഷയത്തിൽ സർക്കാർ അഭിഭാഷകനുമായി കൂടുതൽ വാദം തുടരേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമാണോ എന്നതിൽ കോടതി തന്നെ തീരുമാനമെടുക്കും.

2020 ജൂൺ 24നാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ കെ.കെ. മഹേശൻ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പകൾ എസ്എൻഡിപി യൂണിയനുകൾ സ്വീകരിച്ച് അംഗങ്ങൾക്ക് ഉയർന്ന പലിശയ്ക്ക് നൽകിയെന്ന ആരോപണങ്ങളാണ് മൈക്രോഫിനാൻസ് കേസിന്റെ അടിസ്ഥാനം.

വായ്പകൾ വിതരണം ചെയ്യാതെ നിർധനരായ സ്ത്രീകളുടെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് വൻതുകകൾ തട്ടിയെടുത്തെന്ന പരാതികളും കേസിലുണ്ട്.

മൈക്രോഫിനാൻസ് പദ്ധതികളുടെ സംസ്ഥാന കോർഡിനേറ്ററായിരുന്ന കെ.കെ. മഹേശനും കേസിൽ പ്രതിയായിരുന്നു. എന്നാൽ കേസിൽ തന്നെ മാത്രം ബലിയാടാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആശങ്കയിലായിരുന്നു മഹേശനെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

കേസിൽ വർഷങ്ങളായി അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായാണ് വിവരം.

നേരത്തെയും, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും, കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അന്ന് ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സുധീരൻ വീണ്ടും നൽകിയ കത്തോടെയാണ് കേസിൽ നടപടികൾ വീണ്ടും സജീവമായത്.

പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഹൈക്കോടതി തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ