Monday, December 9, 2024
Homeഅമേരിക്കലോക കേരള സഭയ്ക്ക് അമേരിക്കയിൽ നിന്നും അഭിവാദനങ്ങൾ (രാജു മൈലപ്രാ)

ലോക കേരള സഭയ്ക്ക് അമേരിക്കയിൽ നിന്നും അഭിവാദനങ്ങൾ (രാജു മൈലപ്രാ)

രാജു മൈലപ്രാ

നാലാം ലോക കേരള സഭ തിരുവനന്തപുരത്ത് വച്ച് ആർഭാടപൂർവ്വം നടത്തപ്പെടുകയാണ്. 103 രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്- എന്റമ്മോ! ഇത്രയും രാജ്യങ്ങളിൽ മലയാളികളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞപ്പോൾ എന്റെ ഉണ്ടക്കണ്ണ് തള്ളിപ്പോയി. ഇവരുടെയെല്ലാം യാത്ര, താമസം, ഭക്ഷണച്ചിലവ് ഇതെല്ലാം ‘നിറഞ്ഞു കവിയുന്ന’ നമ്മുടെ സർക്കാരിന്റെ ഖജനാവിൽ നിന്നാണ് എടുക്കുന്നത്.

‘ലോക കേരള സഭകൊണ്ട് എന്ത് പ്രയോജനം?’ എന്നു ചില ‘വിവരദോഷികൾ’ സംശയം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവരോട് പുച്ഛവും സഹതാപവും തോന്നുന്നു. കഴിഞ്ഞ മൂന്നു ലോക കേരളസഭയിൽ ഏതാണ് മുന്നൂറോളം പദ്ധതികൾ നടപ്പാക്കുമെന്നുള്ള വാഗ്ദാനങ്ങൾ നൽകുകയുണ്ടായി- അതിലൊന്നുപോലും ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നതിന് വലിയ പ്രസക്തിയില്ല- വാഗ്ദാനങ്ങളാണല്ലോ നമ്മുടെ സർക്കാരിന്റെ നിലനിൽപിന്റെ അടിത്തറ.

നാലാം ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള ക്ഷണക്കത്തുമായി ചെന്ന ചീഫ് സെക്രട്ടറിയോട് ‘കടക്കുപുറത്ത്’ എന്നു ഗവർണ്ണർ പറഞ്ഞത്രേ! അല്ലെങ്കിലും അങ്ങേർക്ക് ഒരെല്ല് കൂടുതലാണ്. ചുമ്മാതല്ല പിള്ളേർ അപ്പച്ചനെ വഴിനീളെ തടയുന്നത്. ‘Your daal will not cook here. Just remember that’

ലോക കേരള സഭയുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുവാൻ അമേരിക്കൻ മലയാളികളുടെ പ്രതിനിധികൾ നേരത്തെ തന്നെ കേരളത്തിൽ എത്തിക്കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ നീറുന്ന പ്രശ്നങ്ങൾ അവിടെ ഉന്നയിക്കാൻ ശ്രമിച്ചാൽ ‘അമ്മാതിരി കമന്റൊന്നും ഇവിടെ വേണ്ടാ- അമേരിക്കൻ മലയാളികളുടെ ഇടയിലും വിവരദോഷികൾ ഉണ്ട്’ എന്നുള്ള കമന്റ് കേൾക്കേണ്ടിവരും. അതുകൊണ്ട് കമാന്നൊരക്ഷരം മിണ്ടാതെ മൗനം പാലിക്കുന്നതാണ് ബുദ്ധി. ഭക്ഷണത്തിൽ എരിവ് കുറച്ചാൽ തന്നെ അമേരിക്കൻ മലയാളികളുടെ ‘നീറുന്ന’ പ്രശ്നങ്ങൾക്ക് ഒരു
പരിധിവരെ ശമനം കിട്ടും.

അമേരിക്കയിൽ നിന്നും ലോക കേരള സഭയിൽ സംബന്ധിക്കുവാൻ എത്തിയവർക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.

‘നവകേരള യാത്ര’ എന്ന പേരിൽ കാസർഗോട്ട് മുതൽ കന്യാകുമാരി വരെ മുഖ്യനും മന്ത്രിമാരും ഒരുമിച്ച് യാത്ര ചെയ്ത അത്ഭുത ബസ് കാണുവാൻ മറക്കരുത്. അത് പൊടി തട്ടാതെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ നീണ്ട ക്യൂ ഉള്ളതുകൊണ്ട് മുൻകൂട്ടി ബുക്ക് ചെയ്യുന്നത് പ്രയോജനപ്പെടും. വിരലിനോ നഖങ്ങൾക്കോ മറ്റോ എന്തെങ്കിലും ചെറിയ പ്രശ്‌നമുണ്ടായാൽ ലോകോത്തര നിലവാരമുള്ള നമ്മുടെ മെഡിക്കൽ കോളജുകളിൽ പോകണം. വിരലിനോടൊപ്പം നാക്കും ഫ്രീയായി മുറിച്ചുതരും. അമേരിക്കയിൽ ‘ഡെന്റൽ’ ചിലവ് താങ്ങാവുന്നതിനും അപ്പുറമാണല്ലോ. നല്ല ഒന്നാന്തരം ഡെന്റൽ ക്ലിനിക്കുകൾ കേരളത്തിലങ്ങളോളമിങ്ങോളമുണ്ട്. ‘മൂന്നു പല്ല് ഒരുമിച്ച് പറിക്കുന്നവർക്ക്, ഒരു പറി ഫ്രീ’ എന്നാണ് ഒരു ദന്താശുപ്രതിയുടെ പരസ്യം- തിരുവനന്തപുരത്തെ റോഡുകളുടെ വീഡിയോ എടുത്ത്, എങ്ങിനെയണ് നഗരങ്ങളിൽ റോഡ് നിർമ്മിക്കേണ്ട രീതി എന്ന് ന്യൂയോർക്ക് കാരെ പഠിപ്പിക്കണം.

വാഴക്കുല ഡോക്ടറേറ്റ് നേടിയ മഹതിയുടെ ഇംഗ്ലീഷ് പ്രഭാഷണം കേട്ട് നിങ്ങൾ ‘ഉൽബുദ്ധന്മാരാകണം’ നല്ല ഇംഗ്ലീഷ് എങ്ങിനെ സംസാരിക്കണം എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാൻ ആ മഹതിയുടെ പ്രസംഗത്തിന്റെ ഒരു കോപ്പി അവർക്കുവേണ്ടി കരുതണം. ‘ Politics is the art of changing impossible things of today to the possible things of tomorrow for difficult youth. Keats the poet died youth’ കൂട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ‘Whereever I go. I carry my house on my head’ കൂടി കൊണ്ടുപോരണം.

അമേരിക്കൻ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: നിങ്ങൾ പോകുന്നത് തിരുവനന്തപുരത്തേക്കാണ്. അവിടം ഭരിക്കുന്നത് മേയറുട്ടിയാണ്. ‘അഹങ്കാരത്തിന് കൈയ്യും കാലും വെച്ച കൊച്ച്’ എന്നൊക്കെ അസൂയാലുക്കൾ വെറുതെ പറയുന്നതാണ്. എന്നാലും അറിഞ്ഞോ അറിയാതെയോ മേയറൂട്ടിയെ കാണുമ്പോൾ കൈകൊണ്ട് ഒരു ‘പ്രത്യേക ആക്ഷൻ’ ഒന്നും കാണിക്കാൻ നിൽക്കരുത്. വകുപ്പ് പീഢനമാ- അമേരിക്കൻ മലയാളികളെ ഉദ്ധരിക്കാൻ പോയിട്ട്, പൂജപ്പുര ജയിലിൽ കിടന്ന് ഉണ്ട തിന്നുവാൻ ഇടവരരുത്.

പരസ്പരം കൂടെക്കൂടെ കാണുവാനും, ബിസിനസ് ബന്ധങ്ങൾ പുതുക്കുവാനും, ചക്കാത്തിന് തിന്നു കുടിച്ച് അർമാദിക്കുവാൻ കിട്ടുന്ന ഒരവസരമല്ലേ ഇത്. ആനന്ദിപ്പിൻ- ഇതെല്ലാം കേരളത്തിലെ ‘മറിയക്കുട്ടിമാരുടെ’ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കാശുകൊണ്ടാകുമ്പോൾ അതിന്റെ സുഖമൊന്നു വേറെ!

അങ്കം ജയിച്ച് വേഗമിങ്ങ് തിരിച്ചുവരണേ! കൺവൻഷനുകൾ പടിവാതിൽക്കൽ കാത്തുനിൽക്കുന്നു!

‘ലോക കേരള സഭ നീണാൾ വാഴട്ടെ!’

 രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments