കൊല്ലം: മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസുകളിലൊന്നായ മോഹൻലാൽ–പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിൽ. റീ റിലീസിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും മറ്റുമുള്ള കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതിൻ്റെ തെളിവാണ് പുതിയ വരവിനോടുള്ള പ്രതികരണം.
1994ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമ്മവും സംഗീതവും കഥാപാത്രങ്ങളുടെ രസകരമായ മുഹൂർത്തങ്ങളുമാണ് ഇന്നും ചിത്രത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവയുടെ പട്ടിക നിലനിർത്തുന്നത്. മോഹൻലാലിൻ്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിൻ്റെ ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ വീണ്ടും കാണാനാകുന്നത് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആവേശമാണ്.
4കെ ദൃശ്യ മികവിൽ
പുതിയ പതിപ്പ് 4കെ ദൃശ്യ മികവിലാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഒറിജിനൽ 35 എം.എം. നെഗറ്റീവ് 4കെ നിലവാരത്തിൽ സ്കാൻ ചെയ്ത് സൂപ്പർ 4കെ നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്തതാണ് ചിത്രം പുനഃസജ്ജമാക്കിയത്. ഛായാഗ്രഹകൻ കെ.വി. ആനന്ദിൻ്റെ മനോഹരമായ ഫ്രെയിമുകൾ കൂടുതൽ മികവോടെ ബിഗ് സ്ക്രീനിൽ ആസ്വദിക്കാനാകുമെന്നതാണ് റീ റിലീസിൻ്റെ പ്രധാന പ്രത്യേകത. ഒറിജിനൽ ചിത്രത്തിൻ്റെ ദൃശ്യാഭാവവും സ്വഭാവവും നിലനിർത്തുന്നത് റീമാസ്റ്ററിംഗ് പൂർത്തിയായി.
ദൃശ്യ മികവ്നൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയും പുതിയ പതിപ്പിന് പുതുമ പറയുന്നു. കാലത്തിനൊപ്പം സാങ്കേതികമായി പുതുക്കിയെങ്കിലും മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ചിത്രത്തിൻ്റെ ആത്മാവ് അതേപടി നിലനിർത്തിയെന്നതാണ് റീ റിലീസിൻ്റെ പ്രത്യേകത
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. കാലം മാറിയിട്ടും മങ്ങാത്ത ആ സിനിമാനുഭവം പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുമ്പോൾ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും മലയാളികളുടെ ആഘോഷമാവുകയാണ്.



