സൗദി അറേബ്യയിലെ ദമാമിൽ മയക്കുമരുന്ന് കേസിൽ ജയിലിലായിരുന്ന മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി ആഭ്യന്തര വകുപ്പാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്.
2023ൽ ഒമാനിൽ നിന്നും റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കൾ വൻശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിയിലായത്. 43 കിലോ വരുന്ന ലഹരിവസ്തുക്കൾ ഇയാൾ ഓടിച്ചിരുന്ന ജി എം സി വാനിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു.
കേസിൽ വിചാരണ കോടതി പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ചാണ് രാജവിഞ്ജാപനത്തിലൂടെ നടപ്പിലാക്കിയത്.



