ഷാർജ : നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ ബുക്ക് സ്റ്റാൾ, ഇന്ത്യൻ കോൺസുലർ ജനറൽ H E സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പ്രകാശിപ്പിച്ചു. മറ്റെല്ലാ പ്രവർത്തനരംഗത്തുമെന്നതുപോലെ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സാംസ്കാരിക രംഗത്തെയും ഇടപെടലുകൾ വളരെയധികം അഭിനന്ദനാർഹമാണ് എന്ന് കോൺസിലേറ്റ് ജനറൽ പറഞ്ഞു. വ്യത്യസ്തവും സമയോചിതവുമായ ഇടപെടലുകൾ സമൂഹത്തിൽ നടത്തുന്നതിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ ശ്രമങ്ങൾ വളരെയധികം മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി ശ്രീമതി സുജ പാറുക്കണ്ണത്തിൽ വിശിഷ്ടാതിഥിയായിരുന്നു.

ഇന്ത്യൻ കോൺസുലേറ്റ്, കേരള സാഹിത്യ അക്കാദമി എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ വേറിട്ട സ്റ്റാൾ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ സമ്മേളന സ്ഥലത്തെ മീറ്റിംഗ് പോയിൻറ്, പുസ്തക പ്രകാശനം നടത്താൻ സമയം ലഭിക്കാതെ പോയ എഴുത്തുകാർക്ക് പ്രകാശനം ചെയ്യാനുള്ള വേദി എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സ്റ്റാൾ പ്രവർത്തിക്കുന്നത്.

വിവിധ സാഹിത്യ പ്രവർത്തകരുമായുള്ള സംവാദങ്ങൾ, മുഖാമുഖങ്ങൾ, കവിതാസായാഹ്നങ്ങൾ തുടങ്ങി മുഴുവൻ ദിവസങ്ങളിലും സ്റ്റാൾ പ്രവർത്തന നിരതമാണ്. മലയാളം മിഷൻ കുട്ടികളുടെ പരിപാടികൾ, ഷാർജ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ സാഹിത്യ പരിപാടികൾ തുടങ്ങിയവയും വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, ജോയിൻ്റ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ്, മനാഫ് മാട്ടൂൽ, യൂസഫ് സഗീർ, അനീഷ് റഹ്മാൻ, മുരളീധരൻ ഇടവന, പ്രഭാകരൻ പയ്യന്നൂർ, മധു, മാത്യു മണപ്പാറ, സാഹിത്യ വിഭാഗം കൺവീനർ മോഹനൻ പി, ലൈബ്രറി കമ്മിറ്റി കൺവീനർ അഫ്സൽ, മുൻ ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



