ഉണർന്നപ്പോൾ ജനലഴികളിലൂടെ അന്തിവെട്ടം മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മരുന്നിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലെങ്കിലും മനസ്സിന് എന്തെന്നില്ലാത്ത ഒരു മരവിപ്പ് ബാധിച്ചതുപോലെ. പുറത്ത് പ്രമീള ആരോടോ ഫോണിൽ കൊഞ്ചിച്ചിരിച്ചു സംസാരിക്കുന്നത് കേൾക്കാം. തന്റെ വിയർപ്പും കണ്ണീരും കൊണ്ട് കെട്ടിപ്പടുക്കേണ്ട പ്രമീളയുടെ ആ സ്വപ്നത്തിന് ഇത്രയും തിളക്കമുണ്ടോ എന്ന് യമുന അത്ഭുതപ്പെട്ടു.
മുഖം കഴുകി മുറിയിൽ നിന്നിറങ്ങി അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ചായ പകരുകയായിരുന്നു. മകൾ വന്നത് കണ്ട ഭാവം പോലും അമ്മയ്ക്കില്ല.
”അമ്മേ, ഒരു ഗ്ലാസ് ചായ…” അവൾ പതുക്കെ പറഞ്ഞു.
”ചായയൊക്കെ അവിടെയിരിപ്പുണ്ട്. നിനക്ക് സുഖമില്ലെന്ന് കരുതി ഞാൻ ഒന്നും ചോദിച്ചില്ല. പക്ഷേ പ്രമീളയുടെ കാര്യം എന്തു തീരുമാനിച്ചു? അവളുടെ കല്യാണം മുടങ്ങിയാൽ പിന്നെ ഈ വീട്ടിൽ സമാധാനമുണ്ടാവില്ല, അതോർത്തോണം!”
അമ്മയുടെ സ്വരം കഠിനമായിരുന്നു. ആ വാക്കുകളിൽ സ്‌നേഹത്തേക്കാൾ വലിയൊരു ശാസനയുടെ കനപ്പുണ്ടായിരുന്നു.
”പത്തു ലക്ഷം രൂപ അമ്മേ… അതത്ര ചെറിയ തുകയല്ല. പ്രസന്നയുടെ കല്യാണത്തിന് എടുത്ത ലോൺ തിരിച്ചടച്ചു തീരാൻ ഇനിയും വർഷങ്ങളെടുക്കും. ഇതിനിടയിൽ ഇത്രയും വലിയൊരു തുക ഞാൻ എവിടെ നിന്ന് സംഘടിപ്പിക്കാനാണ്?” എന്റെ സ്വരത്തിൽ നിസ്സഹായത നിറഞ്ഞു.
”അതൊക്കെ നിനക്കറിയാം. വലിയമ്മാമ പറയുന്നതുപോലെ, നീയൊരു കോളേജ് ടീച്ചറല്ലേ? ബാങ്കുകാർ നിനക്ക് ലോൺ തരാതിരിക്കില്ല. നിന്നെയല്ലേ അച്ഛൻ പഠിപ്പിച്ചു ജോലിക്കാരിയാക്കിയത്. പിന്നെ അച്ഛൻ നിനക്ക് തന്ന ആഭരണങ്ങളൊക്കെ ഉണ്ടല്ലോ, അതൊക്കെ എന്തിനാ ഇങ്ങനെ വെറുതെ വെച്ചിരിക്കുന്നത്?”
അമ്മയുടെ ആ ചോദ്യം എന്നെ തളർത്തിക്കളഞ്ഞു. പഠനകാലത്ത് അച്ഛൻ എനിക്ക് വാങ്ങിത്തന്ന ചെറിയ കമ്മലും മാലയും – അച്ഛന്റെ സ്നേഹത്തിന്റെ അവസാന അടയാളങ്ങളാണവ. അത് വിൽക്കുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ഇത്ര എളുപ്പത്തിൽ ചിന്തിക്കാൻ കഴിയുന്നതെങ്ങനെ? അല്ലെങ്കിലും അത് വിറ്റാൽ എന്തുകിട്ടാനാണ്.
“അച്ഛൻ എന്നെ മാത്രമല്ലല്ലോ എല്ലാവരെയും പഠിപ്പിച്ചതല്ലേ? അവർക്കും ഇതുപോലെ പഠിച്ചു ജോലി വാങ്ങാമായിരുന്നല്ലോ.”
അമ്മയ്ക്ക് ഉത്തരം മുട്ടിയപ്പോൾ ജോലിയിൽ വ്യാപൃതയെന്നപ്പോലെ നടിച്ചു. അന്നേരം മുറ്റത്തൊരു ബൈക്കിന്റെ ശബ്ദം കേട്ടു. ഏട്ടനാണ്. വിഷ്ണു ഏട്ടൻ അകത്തേക്ക് കയറിവന്നത് തിടുക്കത്തിലാണ്. ഏട്ടന്റെ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം.
”യമുനേ, എനിക്കൊരു കാര്യം പറയാനുണ്ട്.”
ഞാൻ ചോദ്യഭാവത്തിൽ ഏട്ടനെ നോക്കി.
”എന്റെ വൈഫിന് ഒരു ജോലി ശരിയായിട്ടുണ്ട്. പക്ഷേ അതിന് കുറച്ച് പണം സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടണം. നിന്റെ കയ്യിൽ ഉണ്ടാവില്ലെന്നറിയാം, എന്നാലും ഒരു അമ്പതിനായിരം രൂപ എങ്ങനെയെങ്കിലും ഒപ്പിച്ചു തരണം. അടുത്ത മാസം ഞാൻ തിരിച്ചു തരാം.”
ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി. പ്രമീളയ്ക്ക് ലക്ഷങ്ങൾ വേണം, ഏട്ടന് പതിനായിരങ്ങൾ വേണം. എല്ലാവർക്കും യമുന വെറുമൊരു എടിഎം മെഷീൻ മാത്രം!
”എന്റെ കയ്യിൽ പണമില്ല ഏട്ടാ. പ്രമീളയുടെ കല്യാണത്തിന് എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുകയാണ് ഞാൻ,” യമുന തറപ്പിച്ചു പറഞ്ഞു.
”ഓ, അപ്പോൾ നിന്റെ സഹോദരന്റെ കാര്യം വരുമ്പോൾ നിനക്ക് പണമില്ല! പ്രമീളയുടെ കല്യാണം ആർഭാടമായി നടത്താൻ നിനക്ക് താല്പര്യമുണ്ടാകും, കാരണം നിനക്ക് നാട്ടുകാരുടെ മുന്നിൽ പേരുണ്ടാക്കണമല്ലോ,” ഏട്ടന്റെ വാക്കുകൾ വിഷം പുരട്ടിയവയായിരുന്നു.
തർക്കിക്കാൻ ശക്തിയില്ലാതെ. ഞാൻ മിണ്ടാതെ പുറത്തേക്ക് നടന്നു. വഴിയിൽ എതിരെ വലിയമ്മാമ വരുന്നുണ്ട്. ദൂരെ നിന്ന് കണ്ടപ്പോഴേ അദ്ദേഹം ഉപദേശിക്കാൻ തയ്യാറെടുത്തു യമുനയുടെ നേർക്ക് തിരിഞ്ഞു.
”യമുനേ, നീ ഇങ്ങനെ പിണങ്ങി നടന്നാൽ കാര്യങ്ങൾ നടക്കില്ല. കുടുംബം എന്ന് പറഞ്ഞാൽ വിട്ടുവീഴ്ചകൾ വേണം. നീ കുറച്ചു കൂടെ ലോൺ എടുക്ക്. ശമ്പളം കിട്ടുമ്പോൾ കുറേശ്ശെ അടയ്ക്കാമല്ലോ. കല്യാണം കഴിഞ്ഞാൽ പ്രമീള രക്ഷപ്പെടും.”
യമുന ഒന്നും മിണ്ടിയില്ല. മുന്നോട്ട് നടക്കുമ്പോൾ ശേഖർ സാറിന്റെ വാക്കുകൾ ഓർമ്മ വന്നു. “ബി പോസിറ്റീവ്.” എങ്ങനെ പോസിറ്റീവ് ആകാനാണ്? ചുറ്റുമുള്ളവർ എന്റെ ചോര ഊറ്റിക്കുടിക്കാൻ കാത്തുനിൽക്കുമ്പോൾ എനിക്ക് എങ്ങനെ ചിരിക്കാൻ കഴിയും?
ഫോൺ ശബ്ദിച്ചു. ശേഖർ സാറാണ്.
” തലവേദന കുറവുണ്ടോ?” അദ്ദേഹത്തിന്റെ ശബ്ദത്തിലെ കരുതൽ എന്നെ വല്ലാതെ ആശ്വസിപ്പിച്ചു.
“കുറഞ്ഞു സർ. ഇപ്പോളിതാ കാറ്റുകൊള്ളാൻ വെറുതേ പുറത്തേക്കിറങ്ങി.”
“ങും”. അതത്ര വിശ്വാസമില്ലാത്തപോലെ സർ മൂളി. കൂടുതലൊന്നും ചോദിക്കാതെ ഫോൺ വെച്ചപ്പോൾ നേരിയൊരു ആശ്വാസം തോന്നി. എല്ലാവരും ആവശ്യങ്ങൾ മാത്രം പറയുമ്പോൾ, ഒരാളെങ്കിലും സുഖവിവരങ്ങൾ ചോദിക്കാനുണ്ടല്ലോ.
ഒന്ന് ചുറ്റിനടന്നു മനസ്സ് ശാന്തമായപ്പോൾ തിരിയെ വീടിന്റെ ഉമ്മറത്ത് എത്തിയ യമുന കണ്ട കാഴ്ച പ്രമീള കരഞ്ഞുകൊണ്ട് സാധനങ്ങൾ വലിച്ചെറിയുകയാണ്.
”ഈ കല്യാണം നടന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും! ചേച്ചിക്ക് എന്നോട് അസൂയയാണ്. ചേച്ചിക്ക് കല്യാണം നടക്കാത്തതുകൊണ്ട് എന്റെ ജീവിതം കൂടെ നശിപ്പിക്കാൻ നോക്കുകയാ!” അവൾ അലറുകയായിരുന്നു. അത് കേട്ടപ്പോൾ സർവ്വാംഗം തളർന്നുപോയി.
അമ്മ അവളെ ചേർത്തുപിടിച്ചു യമുനയെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ ഒരു മകളോടുള്ള സ്നേഹമല്ല, മറിച്ച് ഭാവിയുള്ള പ്രമീളയുടെ വഴിയിലെ തടസ്സമായി നിൽക്കുന്ന ഒരാളോടുള്ള വെറുപ്പായിരുന്നു.
യമുനയുടെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു. ഇത്രയും കാലം അണകെട്ടി നിർത്തിയ സഹനത്തിന്റെ മതിലുകൾ തകരുന്നത് അവൾ അറിഞ്ഞു. കരഞ്ഞു തളരാനല്ല, മറിച്ച് ഉറക്കെ വിളിച്ചുപറയാനാണ് അവൾക്ക് അപ്പോൾ തോന്നിയത്.
”അസൂയയോ? എനിക്ക് നിന്നോട് അസൂയയാണെന്നാണോ നീ പറഞ്ഞത്?” യമുനയുടെ സ്വരം അസാധാരണമാംവിധം ശാന്തമായിരുന്നു, പക്ഷേ അതിൽ ഒരു അഗ്നിപർവ്വതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “പഠിച്ചു ജോലി വാങ്ങാൻ പറഞ്ഞപ്പോൾ നീ സിനിമയും ഫോണുമായി നടന്നു. നിന്റെ പണക്കാരനായ കാമുകന് കൊടുക്കാൻ സ്ത്രീധനം കണ്ടെത്താൻ എന്റെ ജീവിതം പണയം വെക്കണമെന്ന് പറയുന്നതിൽ ഇപ്പൊൾ എന്ത് ന്യായമാണുള്ളത്?”
”നീ അധികം സംസാരിക്കണ്ട യമുനേ!” അമ്മ ഇടയ്ക്കു കയറി. “നിനക്ക് കൊടുക്കാൻ മനസ്സില്ലെങ്കിൽ അത് പറ. അല്ലാതെ എന്റെ കുട്ടിയെ പഴി പറയണ്ട.”
യമുന അമ്മയെ നോക്കി. ആ കണ്ണുകളിൽ വർഷങ്ങളായി താൻ കണ്ട സ്നേഹം ഒരു മായക്കാഴ്ച മാത്രമായിരുന്നുവോ? “അമ്മേ… പ്രസന്നയുടെ കല്യാണത്തിന് ഞാൻ എടുത്ത ലോണിന്റെ പലിശ പോലും ഇതുവരെ തീർന്നിട്ടില്ല. എന്റെ ശമ്പളത്തിന്റെ പകുതിയിലധികം ബാങ്ക് കൊണ്ടുപോകുകയാണ്. ബാക്കി തുക കൊണ്ടാണ് ഈ വീട് പുലരുന്നത്, ഏട്ടന്റെ മക്കൾക്ക് പുസ്തകം വാങ്ങുന്നത്, നിങ്ങളെല്ലാവരും കഴിക്കുന്നത്! എന്നിട്ടും നിങ്ങൾക്ക് ഞാൻ വെറുമൊരു പണപ്പെട്ടി മാത്രമാണോ?”. സങ്കടം കൊണ്ട് പൊട്ടിപ്പോയി.
”മതി!” ഏട്ടൻ ഉമ്മറത്തേക്ക് ഇറങ്ങിവന്നു. “നീ വലിയ ത്യാഗിയാണെന്ന് ചമയണ്ട. അച്ഛൻ മരിക്കുമ്പോൾ നിന്നെ ഈ ജോലിയിൽ എത്തിച്ചിട്ടാണ് പോയത്. അത് ഈ കുടുംബത്തിന് വേണ്ടിക്കൂടിയാണ്.”
”അച്ഛൻ എന്നെ പഠിപ്പിച്ചത് ഞാൻ അന്തസ്സോടെ ജീവിക്കാനാണ് ഏട്ടാ, എല്ലാവരുടെയും അടിമയാകാനല്ല. നിങ്ങളെയും ഇതേപോലെ പഠിപ്പിച്ചതല്ലേ? സ്വന്തം ജീവിതം ശരിയായി വിനിയോഗിക്കാതെ നടന്നിട്ട് എന്നോട് ഭള്ള് പറയുന്നോ?” ബാക്കി കേൾക്കാൻ നിൽക്കാതെ യമുന മുറിയിലേക്ക് നടന്നു.
ഈ പ്രതിസന്ധിയിലും ശേഖർ സർ നൽകിയ ധൈര്യവും കരുത്തും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തളർന്നുപോയേനെ. സാമ്പത്തികമായ സഹായങ്ങൾക്കപ്പുറം, ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അദ്ദേഹം നയിച്ചു. പ്രമീളയുടെ വിവാഹകാര്യങ്ങളിൽ സാമ്പത്തികമായും മാനസികമായും അദ്ദേഹം നൽകിയ പിന്തുണ വാക്കുകൾക്ക് അതീതമാണ്.
“സർ ഇതെല്ലാം ഞാനെപ്പോൾ വീട്ടിത്തീർക്കും.”
“തനിക്ക് പറ്റുമ്പോൾ മതി. എനിക്കിപ്പോൾ കാശിന് ആവശ്യമൊന്നുമില്ല. ആവശ്യക്കാർക്കുപയോഗിക്കാനാണ് അത്.”. സാറിൻ്റെ ന്യായം അതായിരുന്നു.
കടങ്ങളെല്ലാം പിന്നീട് വീട്ടിയെങ്കിലും, അദ്ദേഹം പകർന്നുതന്ന ആത്മവിശ്വാസം തന്റെ ജീവിതത്തിന് പുതിയൊരു താളം നൽകുകയായിരുന്നു. ഒരാളെ ഇത്രത്തോളം മനസ്സിലാക്കി പെരുമാറാൻ സാറിനോളം മറ്റാർക്കും കഴിയില്ലെന്ന് തിരിച്ചറിഞ്ഞു.
അറിയാതെ തന്നെ ഉള്ളിൽ അദ്ദേഹത്തോടുള്ള അനുരാഗം വളരുകയായിരുന്നു. മനസ്സാകുന്ന പൂവാടിയിൽ വർണ്ണങ്ങളും സുഗന്ധവുമുള്ള പുഷ്പങ്ങളും വിരിഞ്ഞു. ഒരിളങ്കാറ്റുപോലെ അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ കുളിർപ്പിച്ചു. സംസാരിക്കാനും സങ്കടങ്ങൾ പങ്കുവെക്കാനും ഒരു സുഹൃത്ത് എന്നതിലുപരി, സർ ഉള്ളിൽ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ടു. സാറിന്റെ വിവാഹത്തിന് മുൻപേ ഉള്ളിൽ തെളിഞ്ഞ മഴവില്ലുകൾ പിന്നീട് ഒരിക്കലും മാഞ്ഞുപോയില്ല; മറിച്ച്, മഴപെയ്തു തോരുന്ന സായാഹ്നങ്ങളിൽ അവ കൂടുതൽ ശോഭയോടെ തെളിഞ്ഞുനിന്നു.
”എന്റെ ആകാശത്തിലെ മഴവില്ലുകൾ മായുന്നില്ല;
പൂവാടിയിലെ പൂക്കൾ വാടുന്നുമില്ല.
എന്നിലെ പ്രണയത്തിന് അലയാഴിയുടെ ആഴവും
ആകാശത്തിന്റെ അനന്തതയുമാണ്.
എന്റെ പ്രണയസൂര്യന് അസ്തമയമില്ല.
എനിക്ക് കാണുവാൻ വെറും സ്വപ്നങ്ങളില്ല,
അതുകൊണ്ടുതന്നെ അവ നഷ്ടപ്പെടുമെന്ന ഭയവുമില്ല.
എന്റെ കിനാക്കൾ പകുതിക്കുവെച്ച്
ഉറക്കം ഞെട്ടി ഇല്ലാതാകുന്ന വെറും പകൽക്കിനാവുകളല്ല;
ഉറക്കത്തിലും ഉണർവിലും അവ ഒരുപോലെ
തെളിമയോടെ നിലനിൽക്കുന്നു.
ഈ പ്രപഞ്ചം ഇല്ലാതാകും വരെ
ആ അനുഭൂതിയിൽ ഞാൻ ലയിച്ചുചേരും.
ഒരു പളുങ്കുചിമിഴിലെന്നോണം
എന്റെ ആകാശത്തെ ഞാൻ കാത്തുസൂക്ഷിച്ചിട്ടുണ്ട്.
എന്റെ ദേഹിയോടൊപ്പം അത്
ഈ പ്രപഞ്ചത്തിൽ എന്നെന്നേക്കുമായി ലയിച്ചുചേരും.”
ആയിടയ്ക്ക് കുറിച്ച വരികൾ സാറിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം കൗതുകത്തോടെ ചോദിച്ചു:
“ആരാടോ ആ ഭാഗ്യവാൻ?”
“വെളിപ്പെടുത്താനോ പൂർത്തിയാക്കാനോ കഴിയാത്ത ഒരു സ്വപ്നമായി, ഉണർവ്വിലും ഉയിരിലും എന്റെ കൂടെയുണ്ടത്. തൽക്കാലം അത് മറഞ്ഞിരിക്കട്ടെ സർ,” ഞാൻ മറുപടി നൽകി.
“എങ്കിൽ ശരി,” അദ്ദേഹം പറഞ്ഞുനിർത്തി.
എത്രയൊക്കെ മനസ്സിനെ കടുപ്പിച്ചു പിടിച്ചാലും ഉള്ളിന്റെയുള്ളിൽ ചെറിയൊരു നഷ്ടബോധം നീറുന്നുണ്ടായിരുന്നു. ആ ദിവസങ്ങളിൽ പെട്ടെന്നാണ് അദ്ദേഹം ആ വാർത്ത അറിയിച്ചത്:
“എടോ എന്റെ വിവാഹമാണ്. താൻ നേരത്തേ അങ്ങെത്തിയേക്കണം.”
വിവാഹക്ഷണക്കത്ത് കൈപ്പറ്റുമ്പോൾ കൈകൾ വിറയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
“എന്റെ എല്ലാവിധ ആശംസകളും നേരത്തേ തന്നെ തരുന്നു,” പുഞ്ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും കണ്ണുകൾ നിറഞ്ഞു വരുന്നത് അദ്ദേഹം കാണാതിരിക്കാൻ പണിപ്പെട്ടു. വേഗത്തിൽ വാഷ്‌റൂമിലേക്കോടി സാരിത്തുമ്പ് വായിൽ തിരുകി ആവോളം കരഞ്ഞു. മുഖം കഴുകി പുറത്തു വന്നപ്പോൾ ശൈലജ ടീച്ചർ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“എന്താ യമുനടീച്ചറെ, മുഖം വല്ലാതിരിക്കുന്നു?” അവർ ചോദിച്ചു.
“കണ്ണിൽ എന്തോ കരട് വീണതാണ്. വാഷ്‌റൂമിന്റെ വെന്റിലേറ്റർ നിറയെ പൊടിയാണ്,” പറഞ്ഞ കള്ളം ടീച്ചർ വിശ്വസിച്ചോ എന്ന് സംശയമായിരുന്നു.
“അത് ശരിയാണ്. ആ ദേവയാനിയോട് പലവട്ടം പറഞ്ഞതാണ് അവിടമെല്ലാം തുടയ്ക്കാൻ. എങ്കിലും ഇത്ര കൃത്യമായി യമുനയുടെ മാത്രം കണ്ണിൽ പൊടി പോകണമെങ്കിൽ?” ടീച്ചറുടെ നോട്ടത്തിൽ സംശയം നിഴലിച്ചു.
“എന്താ ടീച്ചർ പറഞ്ഞു വരുന്നത്?”
“ഏയ്, എനിക്ക് ചെറിയൊരു സംശയം മുന്നേ തോന്നിയിരുന്നു. ശേഖർ സാറിന്റെ വിവാഹനിശ്ചയം നേരത്തേ കഴിഞ്ഞതാണെന്ന് ഇന്ന് ഇൻവിറ്റേഷൻ കിട്ടിയപ്പോൾ തനിക്ക് മനസ്സിലായിക്കാണുമല്ലോ,” ടീച്ചർ കൂട്ടിച്ചേർത്തു.
“എനിക്കും അതറിയാമായിരുന്നു ടീച്ചറെ. ടീച്ചർ ഉദ്ദേശിക്കുന്ന തരത്തിൽ ഒന്നുമില്ല. ഇത് ശരിക്കും പൊടി പോയതാണ്.”
“എങ്കിൽ ശരി. ആ പൊടി എടുത്തുകളഞ്ഞോളൂ. ഇല്ലെങ്കിൽ അസ്വസ്ഥതയായിരിക്കും ഫലം,” ടീച്ചറുടെ ആ ദ്വയാർത്ഥ പ്രയോഗം മനസ്സിലാകാത്ത ഭാവത്തിൽ നിന്നു. ഡിപ്പാർട്ടുമെന്റിലെ സഹപ്രവർത്തകരെല്ലാം വകതിരിവുള്ളവരായതുകൊണ്ട് പിന്നീട് ആരും അതെപ്പറ്റിയൊന്നും ചോദിച്ചില്ല. കുറച്ചുദിവസം മനസ്സ് ശൂന്യമായിരുന്നെങ്കിലും പതിയെ ആ യാഥാർഥ്യങ്ങളെ അംഗീകരിച്ചു. വിവാഹത്തിന് പോയി; ഇല്ലെങ്കിൽ അതൊരു വലിയ നന്ദികേടാകുമായിരുന്നു. കാരണം, ആ ഇഷ്ടം എന്റെ ഉള്ളിൽ മാത്രമായിരുന്നല്ലോ.
തുടരും..



