മലയാള സിനിമയിൽ കരുത്തു നിറഞ്ഞ കഥകളുടെ പെരുമഴക്കാലം തീർത്ത കഥാകാരനാണ് .ടി .എ .
റസാഖ്. അകാലത്തിൽ അരങ്ങൊഴിഞ്ഞു ആ പ്രതിഭ. എന്നാൽ അതിനു ശേഷവും അരങ്ങാകെ വാഴാൻ പ്രാപ്തിയുള്ള മികവാർന്ന രചനകളാണ് സമ്മാനിച്ചത് എന്നതിനാൽ തന്നെ അരങ്ങിലിന്നും നിറയുന്നുണ്ട് അദ്ദേഹം.
സാധാരണക്കാരുടെ ജീവിതം സത്യസന്ധമായി പകർത്തിയ ആ കഥകളും കഥാപാത്രങ്ങളും, കഥാപശ്ചാതലങ്ങളും ഇന്നും ഒട്ടും നിറം മങ്ങാതെ മലയാളികളുടെ മനസ്സിലുണ്ട്. .ഭാവനയും ചിന്തയും മാത്രമല്ല വളർന്നു വന്ന ചുറ്റു പാടുകളിൽ തീർത്തും സാധാരണക്കാരൻ്റെ ജീവിതാവസ്ഥകൾ ഏറെ കണ്ടും കുറച്ചൊക്കെ അനുഭവിച്ചും കടന്നു വന്നതായിരുന്നു ആ ജീവിതം.
1958 ഏപ്രിൽ 25 ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് ടി.എ. റസാഖ് ജനിച്ചത് .ടി .എ ബാപ്പു ,വാഴയിൽ ഖദീജ എന്നിവർ മാതാപിതാക്കൾ. മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തായിരുന്ന ടി.എ .ഷാഹിദ് സഹോദരൻ . 2016 ആഗസ്റ്റ് 15 നാണ് തൻ്റെ അമ്പത്തിയെട്ടാം വയസ്സിൽ ടി.എ. റസാഖ് വിടവാങ്ങിയത്.

സാംസ്കാരിക രംഗത്ത് സജീവമായ ബാല്യകൗമാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റേത്. അക്ഷരങ്ങളെ വസന്തമായി ഹൃദയത്തിലേറ്റിയ കാലം. ആ അക്ഷര സ്നേഹം തന്നെയായിരിക്കണം “വര” എന്ന മാസികയുടെ പിറവിയിലേക്ക് നയിച്ചതും.സമാന്തര സാഹിത്യ പ്രസിദ്ധീകരണങ്ങൾ നാടാകെ ശക്തമായി നിന്ന കാലം കൂടിയായിരുന്നു അത്. എഴുതാൻ താൽപര്യമുള്ള, കഴിവുള്ള, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാത്ത ഒട്ടേറെ നന്മ നിറഞ്ഞ മനുഷ്യർ നഷ്ടം സഹിച്ചും മാസികകൾ നടത്തിയിരുന്ന കാലം. എഴുതി തുടങ്ങുന്നവരെ ചേർത്ത് പിടിച്ച് അവർ അവരെ കൊണ്ടാവുന്നത്ര മുന്നോട്ട് നടന്നു. ആ കൂട്ടത്തിൽ നിന്നും മലപ്പുറത്തു നിന്നുള്ള വേറിട്ട ശബ്ദമായിരുന്നു “വര” എന്ന മാസികയും ടി.എ.റസാഖ് എന്ന പത്രാധിപരും.ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി അദ്ദേഹം കെ.എസ്.ആർ.ടി.സിയിൽ ഗുമസ്തനായി ജോലി ലഭിച്ചപ്പോൾ ആ തൊഴിൽ സ്വീകരിച്ചു.
പ്രാരബ്ധങ്ങളും പ്രയാസങ്ങളും കൈ വായ്പകളും, കടങ്ങളുമൊക്കെയായി മുന്നോട്ട് നീങ്ങിയ ആ കാലത്തെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.അങ്ങനെയിരിക്കേയാണ് എ.ടി.അബു എന്ന സംവിധായകൻ്റെ സിനിമയിൽ സഹസംവിധായകനായി റസാഖിന് അവസരം കിട്ടുന്നത്. ധ്വനിയായിരുന്നു ആ സിനിമ .മനോഹര ഗാനങ്ങളാൽ ശ്രദ്ധിക്കപ്പെട്ട സിനിമ .പ്രേംനസീർ എന്ന മലയാള സിനിമയിലെ എക്കാലത്തേയും നിത്യഹരിത നായകൻ അവസാനമായി വേഷമിട്ട ആ സിനിമ.ടി.എ റസാഖിൻ്റ ആദ്യ സിനിമയായി.1987 ൽ ആയിരുന്നു ആ അവസരം തേടി വന്നത്.ആ സിനിമക്കായി തന്നെ വിളിക്കാൻ വാഹനം വന്നതും മലപ്പുറം കെ.എസ്.ആർ ടി.സി ബസ് സ്റ്റേഷനു മുന്നിലുള്ള റോഡിൽ നിന്നും താൻ ആ വാഹനത്തിൽ കയറിയതും എഴുതി ആ യാത്ര സിനിമയിലേക്കായിരുന്നു എന്ന് ടി.എ.റസാഖ് ഭംഗിയായി കുറിച്ചത് വായിച്ചതോർക്കുന്നു.
ടി.എ.റസാഖിനെ, ആ എഴുത്തിലെ ആഴവും, ചന്തവും ഓജസ്സും തേജസ്സും അടയാളപ്പെടുത്തുന്ന എത്രയെത്ര സിനിമകൾ. നമുക്കിടയിലും ജീവിതത്തിൻ്റെ വേറിട്ട വഴികളിലും ജീവിക്കുന്നു എന്ന് നമ്മെ നന്നായി ബോധ്യപ്പെടുത്തിയ എത്രയെത്ര അതിശക്തമായ കഥാപാത്രങ്ങൾ.ആ കൂട്ടത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത കാണാക്കിനാവുണ്ട്, കാണാക്കിനാവിലെ മുരളിയുടെ ദാസനുണ്ട്, മുകേഷിൻ്റെ ഹംസയുണ്ട് ഹംസയ്ക്കും ദാസനും തുല്യം നിൽക്കുന്ന അല്ലെങ്കിൽ അതേ പ്രധാന്യമുള്ള എത്രയോ കഥാപാത്രങ്ങൾ ആ സിനിമയിൽ തന്നെയുണ്ട്. ഈ ചിത്രത്തിൽ തന്നെ സുകന്യയുടെ വിസ്മയ ഭാവങ്ങളുണ്ട് പപ്പുവിൻ്റെ അമ്മായി കാക്ക എന്ന വേഷത്തിലൂടെയുള്ള അതിഗംഭീര പ്രകടനമുണ്ട്. അതേ പോലെ തന്നെ കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്ന സിനിമ നോക്കൂ. രാപ്പകലിലെ മമ്മുട്ടിയുടെ കൃഷ്ണൻ, ബാലചന്ദ്രമേനോൻ്റെ ദേവൻ . ദേവനും കൃഷ്ണനും തുല്യം നിൽക്കുന്ന എത്രയോ കഥാപാത്രങ്ങളെ ആ സിനിമയിൽ നമുക്ക് കാണാം.
മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേത്രിമാരിലൊരാളായ “ശാരദ ” ജീവൻ നൽകിയ അമ്മയും ഗീതു മോഹൻദാസ് അവതരിപ്പിച്ച എഴുത്തുകാരിയേയും നമുക്ക് മറക്കാനാവുമോ . മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രഗല്ഭ നടൻമാരുടേയും അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളുടെ കണക്ക് വെറുതയൊന്നെടുത്താൽ അതിലൊക്കെ റസാഖ് രൂപം കൊടുത്ത കഥാപാത്രങ്ങൾ മുന്നിൽ തന്നെ ശിരസ്സുയർത്തി സ്ഥാനം പിടിക്കുന്നത് നമുക്ക് കാണാം.ആ സിനിമകളിൽ മോഹൻ ലാലിൻ്റെ വിഷ്ണുലോകം, നാടോടി,സുരേഷ് ഗോപിയുടേയും, മുരളിയുടേയും താലോലം, ജയറാമിൻ്റ “സ്നേഹം, ഉത്തമൻ , കാവ്യാ മാധവൻ്റേയും മീരാ ജാസ്മിൻ്റേയും മാമുക്കോയയുടേയുമെല്ലാം മികച്ച പ്രകടനം നാടാകെ അംഗീകരിച്ച പെരുമഴക്കാലം എല്ലാമുണ്ട്. വി.എം.വിനു സംവിധാനം ചെയ്ത വേഷം , പെൺപട്ടണം എന്നീ സിനിമകൾ എം. പത്മകുമാറിൻ്റെ സംവിധാനത്തിൽ വന്ന പരുന്ത് അങ്ങനെ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ പട്ടിക നീളുന്നു.
അല്ലെങ്കിൽ എന്തിന് കൂടുതൽ പറയണം ശ്രദ്ധിക്കപ്പെടാത്ത ഒരു ചിത്രവും ആ മുപ്പതു ചിത്രങ്ങളിൽ ഇല്ലെന്നു തന്നെ പറയാം. സ്വന്തം കഥകൾ തന്നെയായിരുന്നു ഏറെയും , മറിച്ചായാലും തിരക്കഥകളിൽ ആ പൂർണത ദർശിക്കാം. ഉദാഹരണത്തിന് ആശാ പൂർണ ദേവിയുടെ കഥയ്ക്ക് തയ്യാറാക്കിയ താലോലം എന്ന സിനിമയുടെ തിരക്കഥ മാത്രം ശ്രദ്ധിച്ചാൽ മതി. ജയരാജ് സംവിധാനം ചെയ്ത ഈ സിനിമയുടെ വലിയവിജയത്തിനു പിന്നിൽ തിരക്കഥയുടെ ശക്തി കൂടെയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തൻ്റെ രചനകളിലെല്ലാം അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും ടി.എ.റസാഖ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ഓരോ സിനിമകളും പരിശോധിച്ചാൽ മനസ്സിലാക്കാം. 1991 ൽ വിഷ്ണുലോകം എന്ന സിനിമയ്ക്കായാണ് ആദ്യം കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയത് .ആ ചിത്രത്തിൻ്റെ വൻ വിജയമാണ് ടി.എ റസാഖ് എന്ന പേര് മലയാള സിനിമാരംഗത്ത് അരക്കിട്ടുറപ്പിച്ചത്. പിന്നെ ആ ജൈത്രയാത്ര മരണം വരെ നീണ്ടു.
കഥയിലേയും, തിരക്കഥയിലേയും മികവിന് നിരവധി പുരസ്കാരങ്ങൾ ടി.എ.റസാഖിനെ തേടിയെത്തി.1996ൽ കാണാക്കിനാവ് മികച്ച കഥയ്ക്കും, തിരക്കഥക്കും സംസ്ഥാന സർക്കാർ അവാർഡ് നേടി. 2002 ൽ ആയിരത്തിൽ ഒരുവനും, 2004ൽ പെരുമഴക്കാലവും പുരസ്കാരങ്ങൾ അദ്ദേഹത്തിലെത്തിച്ചു.കൂടാതെ മാതൃഭൂമി അവാർഡ് ,ഏഷ്യാനെറ്റ് അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ചുരുങ്ങിയ കാലയളവനുള്ളിൽ തേടി വന്നു.അവസാനമായി തിരക്കഥ എഴുതിയത് “സുഖമായിരിക്കട്ടെ “എന്ന ചിത്രത്തിനായിരുന്നു.”മൂന്നാം നാൾ ഞായറാഴ്ച” യാണ് സംവിധാനം ചെയ്ത ഏകസിനിമ.
എനിക്ക് വ്യക്തിപരമായും ഈ മികച്ച കഥാകൃത്തിനോട് തിരക്കഥാകൃത്തിനോട് ഇഷ്ടക്കൂടുതലുണ്ട്. ഏറെആദരവും കടപ്പാടുമുണ്ട്. കാരണം എൻ്റെ ആദ്യ കഥാസമാഹാരങ്ങളായ “സവിനയം പറയട്ടെ “യും, “കഥ നിറയും കാലവും ” പ്രകാശിതമായത് ആ കൈകളിലൂടെയാണ്. 2016 ജനുവരി 17 ന് ആ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ അദ്ദേഹം പാലൂർ എന്ന എൻ്റെ ജന്മഗ്രാമത്തിലെ ഞാൻ പഠിച്ച എൽ.പി സ്കൂളിൽ എത്തി. എൻ്റെയും അദ്ദേഹത്തിൻ്റെയും അടുത്ത സുഹൃത്ത് മേൽമുറിമനോജിനൊപ്പമണ് ഞാൻ അദ്ദേഹത്തെ ക്ഷണിക്കാൻ കോഴിക്കോടുള്ള വീട്ടിൽ പോയത്.സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ നിരന്നിരിക്കുന്ന ആ വാടക വീടിൻ്റെ പൂമുഖത്തിരുന്ന് സൗമ്യനായി അദ്ദേഹം സംസാരിച്ചു. മനോജിൻ്റ സുഹൃത്ത് എന്ന നല്ല പരിഗണന എനിക്കും ലഭിച്ചു.പ്രകാശനത്തിനു വരാം എന്ന് സന്തോഷത്തോടെ സമ്മതിച്ചു .
എൻ്റെ പുസ്തകങ്ങൾ കൗതുകത്തോടെ മറിച്ചു നോക്കി. നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ പാലൂർ എ .എൽ..പി സ്കൂളിൻ്റെ ഗെയ്റ്റ് കടന്ന് പുഞ്ചിരി തൂകി നടന്നു വരുന്ന അദ്ദേഹത്തെ അതേ തെളിമയോടെ എൻ്റെ മനസ്സിൽ ഞാനിന്നും കാണുന്നു.പുസ്തകം പ്രകാശനം ചെയ്ത് പാലൂരിൽ എൻ്റെ കുട്ടുകാരും, നാട്ടുകാരും, വീട്ടുകാരും നിറഞ്ഞിരിക്കുന്ന വലിയ സാസ്സിനു മുന്നിൽ ഗംഭീര പ്രഭാഷണവും നടത്തി .എൻ്റെ സുഹൃത്ത് സുരേഷിൻ്റെ രണ്ട് പുസ്തകങ്ങൾ പ്രകാശിതമാവുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആ പ്രസംഗം ആരംഭിച്ചത്.ആ രണ്ട് പുസ്തകങ്ങളും വളരെ പെട്ടെന്ന് തന്നെ രണ്ടാം പതിപ്പിലേക്ക് പ്രവേശിച്ചു എന്ന സന്തോഷവും ഈ സമയം പങ്കുവെക്കട്ടെ.
മനുഷ്യമനസ്സുകളെ കൃത്യമായി വായിച്ച് വളരെ ലളിതമായി ആവിഷ്ക്കരിച്ച് വ്യത്യസ്തത നിറഞ്ഞ കഥകളിലൂടേയും കഥാപാത്രങ്ങളിലൂടേയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷക മനസ്സുക ഉൽ വികാര സാഗരം തീർത്ത് ഏവർക്കും പ്രിയങ്കരനായി ഒടുവിൽ ആ കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും നമുക്കായി ബാക്കി വെച്ച് മാഞ്ഞു പോയ ആ ജനപ്രിയ കഥാകാരൻ്റെ തിളക്കം കുറയാത്ത ഓർമ്മകൾക്ക് മുന്നിൽ വേദനയോടെ പ്രണാമം.



