Friday, February 6, 2026
Homeകഥ/കവിതപാതിരാക്കോഴിയുടെ നിലവിളി!! (കവിത) ✍ തകഴി, എൻ എം ജ്ഞാനമുത്ത്.

പാതിരാക്കോഴിയുടെ നിലവിളി!! (കവിത) ✍ തകഴി, എൻ എം ജ്ഞാനമുത്ത്.

കണ്ണെത്താദൂരം സമൃദ്ധമാംവയലുകൾ
കണ്മഷിയെഴുതിയ നീഹാരരാത്രിയിൽ,
വിൺചന്ദ്രലേഖയുടെ
വെൺപുടവമാനം…..
കുളിരണിഞ്ഞുതിരുന്നു
മഴമേഘവർഷമായ് !!

മഴപെയ്‌താൽ
ചോരുന്നൊരൊറ്റോലക്കുടിലിന്മേൽ-
കാറ്റിൻകരാളങ്ങൾ
കലിയിളക്കുമ്പോൾ
മേൽക്കൂര പാറുന്ന
കോരന്റെകൂരയ്ക്ക്,
കീറച്ചണച്ചാക്ക് വാതിൽവിരി !!

പകലന്തിയോളവും ചക്രംതിരിച്ചും…..
ഞാറ്റുപാടങ്ങൾക്ക്
കുടിനീരുനൽകിയും,
തേക്കുതോണിപ്പാട്ട് പാടിത്തലർന്നും…..
അന്തിയിരുട്ടത്ത് ചൂട്ടോലവെട്ടത്തിൽ
ആതലാൽ കോരനും കൂരയെത്തി.

മിഴിനീരുണങ്ങാത്ത കീറത്തഴപ്പയിൽ
കോരൻ തളർന്നൊന്ന് ചാഞ്ഞനേരം,
കോരനു പെണ്ണാത്തി കുഞ്ഞുകുഞ്ഞാച്ചി,
ഈറന്റെനനവുള്ള വിറകെരിയ്ക്കുന്നത്……
പാതിരാക്കഞ്ഞി തിളച്ചുവേവാൻ !!

കോരനെഴുന്നേറ്റു കഞ്ഞി മോന്തി.
കുഞ്ഞാച്ചിയും തരള-മിത്രമോന്തി !!

നേരമിരുട്ടേറെയായനേരം….
ഉറക്കത്തഴപ്പായ ചുരുൾനിവർത്തിക്കൊണ്ട്
റാന്തൽവിളക്കൊന്നണച്ചശേഷം,
കുഞ്ഞാച്ചി-നടുവൊന്ന്
നീർത്താനൊരുങ്ങവെ,
ഏഴരനാഴികക്കോഴി കൂവി !!

കോരനെഴുന്നേറ്റു ചാക്കുവിരി മാറ്റി-
മുറ്റത്ത് വന്നൊന്ന് ചുറ്റുനോക്കി.
കാലിപ്പുകയില വായിൽ തിരുകി……
കുഞ്ഞാച്ചിയും കോരനൊപ്പമെത്തി !!

ചൊക്കലടിയ്‌ക്കുംമുൻപുള്ളോരിരുട്ടിൽ,
കുഞ്ഞാച്ചി കുടിലിനു ചാക്കുവിരിയിട്ടു!!
കോരൻ-ചൂട്ടോലയ്ക്ക്
തീ…കൊളുത്തി.
കുഞ്ഞാച്ചിയതിൽനിന്നും
തീ…പകർത്തി-
കോരനു പിന്നാലെ
കരിനിലത്തേയ്ക്ക് !!

ഇരുളിന്റെ
പൊത്തുകളിലൊളിയിരിപ്പുണ്ട്-
ദുർവ്വാക്ക് ചൊല്ലും കുളക്കോഴികൾ !!

ദൂരെയങ്ങിങ്ങായി ചൂട്ടോലവെട്ടവും,
പണിയാളന്മാരുടെ കൂകി-വിളിയും….
കരിനിലപ്പാടങ്ങളിലൊത്തു ചേർന്ന്,
സൂര്യനൊന്നുണരുവാൻ
കാത്തുനിൽക്കാതെ
വയലുകളിലാട്ടവും…പാട്ടുമായി !!

സായാഹ്നവുംതാണ്ടി സൂര്യൻ മറഞ്ഞു !!
കൂമന്റെ നാവുകളിലമർഷം!!

പുലരിയിലെരിഞ്ഞ
ചൂട്ടോലകൾവീണ്ടും…
ഇരുൾവീണപാടത്ത് കൂട്ടം തെളിഞ്ഞ്-
മിന്നാമിനുങ്ങുപോൽ
നാലുദിക്കിൽനീങ്ങി,
പണിയാളർമക്കളവർ
കൂരകളിലെത്തി !!

ചൊക്കലടിയ്ക്കുവാൻ
നേരമില്ലിനിയത്ര,
മുറ്റത്തെ ചൂട്ടോല തെളിയുവാൻ
നേരമായ് !!

കൊയ്തുമെതിച്ചനെല്ലില്ലം
നിറഞ്ഞാലും…..!!
കോരന്-കുമ്പിളിൽ-കഞ്ഞിമാത്രം!!

തകഴി, എൻ എം ജ്ഞാനമുത്ത്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com