Wednesday, April 24, 2024
HomeUncategorized🌹 ഒരു ഓഹരിക്കഥ 🌹 (നുറുങ്ങുകഥ) ✍സ്റ്റാൻലി എം. മങ്ങാട്

🌹 ഒരു ഓഹരിക്കഥ 🌹 (നുറുങ്ങുകഥ) ✍സ്റ്റാൻലി എം. മങ്ങാട്

സ്റ്റാൻലി എം. മങ്ങാട്✍

ഇടവപ്പാതി ഇടമുറിയാതെ പെയ്തിറങ്ങിയ പ്രഭാതം. പുറത്തു വെള്ളകീറിത്തുടങ്ങിയില്ല. സൂസന്നാമ്മ എഴുന്നേറ്റ് ലൈറ്റിട്ടു. സമയം നാലമ്പതായി.ഞായറാഴ്ചയാണ് ദിവ്യബലിക്ക് പള്ളിയിൽ പോകണം. നേരെ അടുക്കളയിൽ ചെന്നു കാപ്പിയും, പ്രാതലും റെഡിയാക്കി. പുറത്തു മഴ അല്പം ശമിച്ചിട്ടുണ്ടു്. സൂസന്നാമ്മ ഭർത്താവിൻ്റെ കിടക്കയിൽ ചെന്നു വിളിച്ചു :
“പള്ളിയിൽ പോകണ്ടേ… എഴുന്നേറ്റേ…”
കാപ്പിടീപ്പോയിൽ വച്ചിട്ട് ലോറൻസിനെ തട്ടി വിളിച്ചു.
” ഇച്ചായാ.. എഴുന്നേൽക്കൂ.. ഇതാ കാപ്പി ”
ടീപ്പോയിലിരുന്ന കാപ്പി ചൂണ്ടിക്കൊണ്ടു സൂസന്നാമ്മ പറഞ്ഞു.
ലോറൻസ് മെല്ലെ എഴുന്നേറ്റു കാപ്പി കുടിച്ചു.

ലോറൻസ് സർവ്വേ ഡിപ്പാർട്ട്മെൻ്റിൽ നിന്നും റിട്ടയർ ചെയ്തിട്ട് അഞ്ചു വർഷത്തിനു മേലെയായി.ഭാര്യ സൂസന്നാമ്മ യൂ പി സ്കൂൾ അദ്ധ്യാപികയായിരുന്നു. ഈ വർഷം റിട്ടയർ ചെയതു. ഏക മകൻ ചൈനയിൽ മെഡിസ്സിന് പഠിക്കുകയാണ്.

രാവിലെ ഏഴരയ്ക്കാണ് ദിവ്യബലി.ലോറൻസച്ചായനും സൂസന്നാമ്മയും കുളിച്ചൊരുങ്ങി കതകു് പൂട്ടി പുറത്തിറങ്ങുമ്പോഴാണ് വടക്കുവശത്തെ വേലി പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. മാത്രമല്ല അതിർത്തിലിട്ടിരുന്ന സർവ്വേക്കല്ലു് ആരോ ഇളക്കി മാറ്റി നാട്ടിയിരിക്കുന്നു. പച്ചമണ്ണിൻ്റെ പാടു മാത്രമല്ല മഴവെള്ളം കെട്ടി നിന്നു ചെളിയായിരിക്കുന്നു.
ലോറൻസും, സൂസന്നാമ്മയും വേലി മറിഞ്ഞു കിടന്ന സ്ഥലത്തു പോയി നോക്കി. ലോറൻസ് അച്ചായൻ പറഞ്ഞു :
“ഇതാ ജോൺസൻ്റെ പണിയാണ്.. അവനേ ഇങ്ങനെ ചെയ്യൂ.. ”
ജോൺസൺ ലോറൻസച്ചായൻ്റെ ഇളയ സഹോദരനാണ്.വീടിൻ്റെ വടക്കേപ്പുറത്താണ് താമസം. ഇരുവരും ഓഹരി തിരിച്ചതുമുതൽ നല്ല പിണക്കത്തിലാണ്.
“ഇച്ചായാ.. വാ.. നമുക്ക് പള്ളിയിൽ പോകാം.” സൂസന്നാമ്മ പറഞ്ഞു.
ലോറൻസിന് ദേഷ്യം വന്നു. അയാൾ പറഞ്ഞു :
“നീ പൊയ്ക്കോ, ഇതിങ്ങനെ വച്ചുപൊറുപ്പിക്കാൻ പറ്റില്ല., ഞാൻ ചോദിക്കട്ടെ.. ”
സൂസന്നാമ്മ ലോറൻസിനെ കയ്യിൽ പിടിച്ചു വലിച്ചു.
“നമുക്ക് പള്ളിയിൽ പോകാം.” അയാൾ വന്നില്ല. കതക് തുറന്നു അകത്തേയ്ക്ക് പോയി. സമയം വൈകുന്നതിനാൽ സൂസന്നാമ്മ പള്ളിയിലേക്ക് തിരിച്ചു.

ക്രൂശിതരൂപത്തിൻ്റെ സമീപത്തായിരുന്നു സൂസന്നാമ്മ ഇരുന്നത്.ഇമവെട്ടാതെ സൂസന്നാമ്മ അല്പനേരം ഈശോയെ നോക്കിയിരുന്നു.അല്പം കഴിഞ്ഞപ്പോൾ ക്രൂശിത രൂപത്തിലെ ഈശോ ചിരിക്കുന്നതായി സൂസന്നാമ്മക്ക് തോന്നി.
“എന്തിനാ നീ ചിരിക്കുന്നതു് ?”സൂസന്നാമ്മ ചോദിച്ചു.
“എത്ര സഹോദര സ്നേഹം പറയുന്ന കുടുംബത്തിലും ഓഹരി വയ്ക്കുമ്പോൾ വരുന്ന പിണക്കങ്ങളെയോർത്തു ചിരിച്ചു പോയതാ..”
യേശു പറഞ്ഞു.
“നിനക്ക് ചിരിക്കാം. ഞങ്ങളുടെ വിഷമങ്ങളോ ?അനുജനും ജേഷ്ഠനുമായിട്ടാണ് അടി ഉണ്ടാകുന്നതെന്നോർത്തോ?” സൂസന്നാമ്മ പറഞ്ഞു.
” അതുകൊണ്ടാണ് ഒരംഗുലും മണ്ണ് പോലും സ്വന്തമാക്കാതെ ഞാൻ കടന്നു പോയത്..! പിറക്കാനോ, ജീവിക്കാനോ, മരിക്കാനോ, മരിച്ചടക്കപ്പെടാനോ സ്വന്തമായി ഒരു മണ്ണും ഞാൻ സൂക്ഷിച്ചിരുന്നില്ല.”
വീണ്ടും യേശു ചിരിക്കുന്നത് കണ്ടപ്പോൾ സൂസന്നാമ്മയ്ക്ക് വേദനയും യേശുവിനോട് പിണക്കവും തോന്നി.
പിന്നീട് യേശു ഇങ്ങനെ പറഞ്ഞു :
“മണ്ണുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിന്നും വഴുതിമാറിയവൻ – ക്രിസ്തു…!”

സ്റ്റാൻലി എം. മങ്ങാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments