Saturday, March 22, 2025
Homeകായികംഇന്ത്യക്ക് നാലു വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും സ്വന്തം; 487 ദിവസത്തെ സെഞ്ച്വറി വരൾച്ച...

ഇന്ത്യക്ക് നാലു വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും സ്വന്തം; 487 ദിവസത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് രോഹിത്.

ട്വന്‍റി20 പരമ്പരക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഒരു മത്സരം ബാക്കി നിൽക്കെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനം നാലു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

ഇംഗ്ലണ്ട് കുറിച്ച 305 റൺസ് വിജയലക്ഷ്യം 33 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. സ്കോർ: ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ്. മോശം പ്രകടനത്തിന്‍റെ പേരിൽ തന്നെ വിമർശിച്ചവർക്ക് ബാറ്റുകൊണ്ടാണ് രോഹിത് മറുപടി നൽകിയത്. 90 പന്തിൽ 110 റൺസെടുത്താണ് രോഹിത് പുറത്തായത്. ഏഴു സിക്സും 12 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ശുഭ്മൽ ഗിൽ 52 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 60 റൺസെടുത്തു.

ആദിൽ റഷീദിന്‍റെ പന്ത് ലോങ് ഓഫിലേക്ക് സിക്സർ പറത്തിയാണ് താരം നൂറിലെത്തിയത് (76 പന്തിൽ 102 റൺസ്). കരിയറിലെ 32ാം സെഞ്ച്വറിയാണ് കട്ടക്കിൽ കുറിച്ചത്. താരത്തിന്‍റെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയും. 2023 ഒക്ടോബർ 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് രോഹിത് അവസാനമായി ഏകദിനത്തിൽ സെഞ്ച്വറി നേടിയത്. 32 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ താരം, അടുത്ത 44 പന്തിലാണ് മൂന്നക്കം കടന്നത്.

ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ രോഹിത്തും ഗില്ലും ചേർന്ന് 16.4 ഓവറിൽ 136 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ ഗില്ലിനെ ജെയ്മി ഓവർട്ടൻ ബൗൾഡാക്കി. ആറുമാസത്തെ ഇടവേളക്കുശേഷം ആദ്യ ഏകദിനം കളിക്കാനിറങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി നിരാശപ്പെടുത്തി. എട്ടു പന്തിൽ ഒരു ഫോറടക്കം അഞ്ചു റൺസെടുത്ത് താരം മടങ്ങി. ലിവിങ്സ്റ്റണിന്‍റെ പന്തിൽ ആദിൽ റാഷിദ് ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. 47 പന്തിൽ 44 റൺസെടുത്ത് ശ്രേയസ് അയ്യർ റണ്ണൗട്ടായി. കെ.എൽ. രാഹുൽ (14 പന്തിൽ 10), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ 10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 43 പന്തിൽ 41 റൺസുമായി അക്സർ പട്ടേലും ഏഴു പന്തിൽ 11 റൺസുമായി രവീന്ദ്ര ജദേജയും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജെയ്മി ഓവർട്ടൻ രണ്ടു വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിൻസൻ, ആദിൽ റാഷിദ്, ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് രോഹിത് ഫോം വീണ്ടെടുത്തത്.

നേരത്തെ, വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കിയിരുന്നു.

ഓപ്പണർ ബെൻ ഡക്കറ്റും (56 പന്തിൽ 65 റൺസ്) ജോ റൂട്ടും (72 പന്തിൽ 69) സന്ദർശകർക്കായി അർധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ഫിൽ സാൾട്ടും ബെൻ ഡക്കറ്റും മികച്ച തുടക്കം നൽകി. ഇരുവരും 10.5 ഓവറിൽ 81 റൺസെടുത്തു. പിന്നാലെ 29 പന്തിൽ 26 റൺസെടുത്ത് സാൾട്ട് മടങ്ങി. വരുൺ ചക്രവർത്തിയുട പന്തിൽ രവീന്ദ്ര ജദേജ ക്യാച്ചെടുത്താണ് താരം പുറത്തായത്. ടീം സ്കോർ നൂറു കടന്നതോടെ ജദേജയുടെ പന്തിൽ പാണ്ഡ്യ ക്യാച്ച് നൽകി ഡക്കറ്റ് മടങ്ങി. ജോ റൂട്ടും ഹാരി ബ്രൂക്കും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 150 കടന്നു. 52 പന്തിൽ 31 റൺസെടുത്ത ബ്രൂക്കിനെ ഹർഷിത് റാണ ശുഭ്മൻ ഗില്ലിന്‍റെ കൈകളിലെത്തിച്ചു. ജദേജയുടെ പന്തിൽ കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് റൂട്ട് പുറത്തായത്.

ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 41 റൺസെടുത്തു. ജെയ്മി ഓവർട്ടൻ (10 പന്തിൽ ആറ്), ഗസ് അറ്റ്കിൻസൻ (ഏഴു പന്തിൽ മൂന്ന്), ആദിൽ റഷീദ് (അഞ്ച് പന്തിൽ 14), മാർക്ക് വുഡ് (പൂജ്യം) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ഇന്ത്യക്കായി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‍ലർ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കു മാറി വിരാട് കോഹ്ലി തിരിച്ചെത്തിയതോടെ കഴിഞ്ഞ മത്സരത്തിൽ ഏകദിന അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാൾ പുറത്തായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments