Saturday, December 7, 2024
Homeസ്പെഷ്യൽനൂറ്റാണ്ടു പിന്നിട്ട സമസ്തയുടെ സ്ഥാപക ദിനം .. ✍അഫ്സൽ ബഷീർ തൃക്കോമല

നൂറ്റാണ്ടു പിന്നിട്ട സമസ്തയുടെ സ്ഥാപക ദിനം .. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1921ൽ അരങ്ങേറിയ മലബാർ കലാപത്തെ തുടർന്ന് ഉണ്ടായ മുസ്ലിം നവോത്ഥാനത്തിൻറെ പുതു പിറവിയാണ് “സമസ്ത കേരള ജംഈയത്തുൽ ഉലമ ” . സലഫി പ്രസ്ഥാനക്കാർ യാഥാസ്ഥിതിക ആചാരങ്ങൾക്കെതിരായി സംഘടിച്ചതാണ് കേരളത്തിൽ അസംഘടിതരായ പ്രവർത്തിച്ചിരുന്ന യാഥാസ്തിക പണ്ഡിതന്മാരെ സംഘടിക്കാൻ പ്രേരിപ്പിച്ചത്. അന്നത്തെ പരിഷ്കരണ വാദികൾ എന്ന പേരിൽ വന്നവർ “കേരള മുസ്‌ലിം ഐക്യസംഘം “എന്ന പേരിൽ ആദ്യം സംഘടന രൂപീകരിച്ചു . തുടർന്ന് യാഥാസ്ഥിതികർ പരിഷ്കർത്താക്കൾ എന്നവകാശപെടുന്നവർക്കെതിരെ “ജംഇയ്യത്തുൽ ഉലമയെന്ന” പേരിൽ പണ്ഡിത സഭ കൂടാനുള്ള തീരുമാനമെടുത്തു .ഇതോടെ യാഥാസ്ഥിതികരും സലഫികളും തമ്മിൽ ആശയപരമായ ഏറ്റു മുട്ടലുകളുകൾക്ക് കളമൊരുങ്ങി .

പിന്നീട് 1924ൽ മലബാറിലെ പാരമ്പര്യ വാദികളായ പണ്ഡിത ശ്രേഷ്ടർ രണ്ടാം യോഗം കൂടുകയും “കേരള ജംഇയ്യത്തുൽ ഉലമ “എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാൽ പരിഷ്ക്കരണവാദികൾ എന്ന് അവകാശപ്പെടുന്നവർ ഈ പേരിൽ സംഘടന റജിസ്റ്റർ ചെയ്യുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നതിനാൽ സംഘടനയുടെ പേര് “സമസ്ത കേരള ജംഇയ്യത്തുൽ ഉലമ” എന്ന് മാറ്റേണ്ടതായി വന്നു . പ്രസ്തുത യോഗത്തിൽ മലബാറിന്റെ എല്ലാ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് 1934 നവംബർ 12നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം കോഴിക്കോട് ജില്ലാ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്.1955 ജൂൺ 26 നു കൊല്ലത്ത് പാരമ്പര്യവാദികളായ പണ്ഡിതർ ഒത്തുകൂടുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശീർവാദത്തോടെ “തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമ” എന്ന പേരിൽ ഒരു സ്വതത്ര സംഘടന രൂപീകരിക്കുകയും ചെയ്തു. “തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമ”യെ പിന്നീട്” ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ” എന്ന് പുനർനാമകരണം ചെയ്തു.

അങ്ങനെ സമസ്ത കേരളം മുഴുവൻ പടർന്നു പന്തലിച്ചു. ഇസ്‌ലാം മത വിദ്യാഭ്യാസത്തിനു പുത്തൻ ദിശാ ബോധം നൽകിയ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡ് സമസ്തക്ക് അവകാശപ്പെട്ടതാണ് .മാത്രമല്ല കരിക്കുലത്തിൽ പാഠഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പരമാവധി കാര്യങ്ങളും ഇസ്‌ലാമിന്റെ ഇന്നലെയും ഇന്നും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ഉൾപ്പെടുത്തിയിട്ടുണ്ട്. മത വിദ്യാഭ്യാസ രംഗത്ത്‌ മാത്രമല്ല ഭൗതികവിദ്യാഭ്യാസ മേഖലകളിലും സമസ്ത പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ ഒരു ഇസ്‌ലാം മത സംഘടന നടത്തുന്ന ഉന്നത ഭൗതീക വിദ്യാഭ്യാസ സ്ഥാപനമാണ്‌ സമസ്തയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്. ഇതുകൂടാതെ സമസ്തയുടെ വിവിധ വിദ്യാഭ്യാസ ട്രെസ്റ്റുകളുടെ കീഴിലായി ആർട്സ്‌ & സയൻസ് കോളേജുകൾ, ടിടിസി, ബി.എഡ്, എം.എഡ്, കോളേജുകൾ, ഐ.ടി.സി,പൊളിടെക്നിക്, കോളേജുകൾ, ഇംഗ്ലീഷ് മലയാളം മീഡിയം സ്കൂളുകൾ അങ്ങനെ നിരവധി സ്ഥാപങ്ങൾ .കൂടാതെ സമസ്തയുടെ ഒരു പ്രമുഖ സ്ഥാപനമായ കോഴികോട് ജില്ലയിലെ നന്തിയിൽ സ്ഥിതിചെയ്യുന്ന ജാമിഅ ദാറുസ്സലാം അൽഇസ്ലാമിയ്യയുടെ കീഴിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

ഏതാണ്ട് നൂറു വർഷത്തിലധികം ചരിത്രമുള്ള സമസ്തയിൽ പല കാലങ്ങളിലും പിളർപ്പുണ്ടാകുകയും ലയനങ്ങളുണ്ടാകുകയും ഒക്കെ ചെയ്തിട്ടുണ്ട് .അതൊക്കെ സ്വാഭാവികമായ പ്രതിഭാസം മാത്രമാണ് .അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തമായി അറബി മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കാർ വാരിക, സത്യധാര ദ്വൈവാരിക, ഗൾഫ്‌ സത്യധാര മാസിക, സത്യധാര(കന്നഡ), കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ പേരിലുണ്ട് . സമസ്ത യുടെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട് അതിനു കീഴിൽ130ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്. “സുപ്രഭാതം “എന്ന പേരിൽ ഒരു വർത്തമാന പത്രവുമുണ്ട് .

സമസ്തയുടെ തന്നെ മറ്റൊരു പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക്കോളേജിൻറെ ആഭിമുഖ്യത്തിലാണ് “അന്നൂർ “എന്ന പേരിൽ അറബിക് മാസിക പുറത്തിറക്കുന്നുണ്ട് .കേരളത്തിലെ 5800 ഓളം വരുന്ന മുസ്ലിം മഹല്ലുകളിൽ ഭൂരിപക്ഷത്തിന്റെയും നേത്രത്വം സമസ്തയുടെ ഉത്തരവാദിത്തത്തിലാണ് പ്രവർത്തിക്കുന്നത് .പതിനായിരത്തോളം വരുന്ന ഇസ്ലാം മത വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രസ്സകൾക്കും നേത്രത്വം നൽകുന്നതും സമസ്തയാണ്. കൂടാതെ ഗൾഫ് രാജ്യങ്ങളിലും മലയാളി സാന്നിധ്യമുള്ള മറ്റു പ്രദേശങ്ങളിലും സമസ്ത മത വിദ്യാഭ്യാസത്തിൽ മുന്പന്തിയിലുണ്ട് . കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യമായ
നൂറു വർഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രസ്ഥാനമായ സമസ്ത മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താനായുള്ള തീവ്ര പ്രയത്നം നടത്തിയിട്ടുണ്ട് .

വർത്തമാനകാലത്തു രാഷ്ട്രീയ ഇടപെടലുകളും നേതാക്കന്മാരുടെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകളും ഒക്കെ സമസ്തയുടെ സൽപ്പേരിനു ചില കോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് മുൻപോട്ടു വെക്കുന്ന മുസ്‌ലിം നവോത്ഥാനത്തെ കുറച്ചു കാണാനാകില്ല. ഒട്ടനവധി പണ്ഡിത ശ്രേഷ്ടന്മാരുടെ അധ്വാനമാണ് ഈ പ്രസ്ഥാനം. ഇനിയുള്ള കാലങ്ങളിലും സമസ്ത നമ്മോടൊപ്പം സജീവമായി നിലനിൽക്കും .ഒരു നൂറ്റാണ്ടു പിന്നിട്ട വിശുദ്ധിയുമായി തുടരുന്ന സമസ്തക്ക് എല്ലാവിധ ആശംസകളും നേരുന്നു ………..

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments