Monday, October 14, 2024
Homeസ്പെഷ്യൽഷഷ്ടിപൂർത്തി ആശംസകൾക്ക് നന്ദി 🙏🙏🙏 (22-6-2024)

ഷഷ്ടിപൂർത്തി ആശംസകൾക്ക് നന്ദി 🙏🙏🙏 (22-6-2024)

മേരി ജോസി മലയിൽ, എഡിറ്റോറിയൽ ബോർഡ് മെമ്പർ, മലയാളി മനസ്സ്, തിരുവനന്തപുരം.

ഹൈന്ദവ വിശ്വാസത്തിൽ ഒരാളുടെ ജീവിത കാലത്തിൻറെ പകുതി വർഷം പൂർത്തിയാകുന്നതായി അടയാളപ്പെടുത്തുന്നതാണ് ഷഷ്ടിപൂർത്തി. കാരണം 120 വയസ്സാണ് മനുഷ്യൻറെ സൈദ്ധാന്തിക ആയുസ്സ് ആയി കണക്കാക്കപ്പെടുന്നത്.60 ന് ശേഷമുള്ള കാലഘട്ടം ആത്മീയമായ, സംതൃപ്തമായ ഒരു അനുഭവം ആക്കാൻ സ്വർഗ്ഗത്തിലേക്ക് അയച്ച പ്രാർത്ഥനയാണ് ഉഗ്രരഥ ശാന്തി.

“ഓം ശതം ജീവശരദോ വർധമാന:
ശതം ഹേമന്താൻ ശതമു വസന്താൻ
ഗതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതയുഷാഹവിഷേമപുദർദു:”

സർവ്വ ഐശ്വര്യ ത്തോടുകൂടി നൂറു ശരത് കാലവും നൂറു ഹേമന്ത ങ്ങളും നൂറു വസന്തകാലങ്ങളും താണ്ടി നൂറു വർഷക്കാലം ജീവിക്കട്ടെ എന്നാണ് ഇതിൻറെ അർത്ഥം.

“അനായാസമായ മരണം, ദീനമില്ലാത്ത ജീവിതം, നിന്നിൽ അചഞ്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശങ്കര ഗൗരീ പഥേ”….അങ്ങനെ പ്രാർത്ഥിച്ചു കൂടേണ്ട പ്രായമായി.”രാവണപ്രഭുവിൽ” ലാലേട്ടൻ ശേഖരനോട് പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത്. 😜

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ദിനരാത്രങ്ങൾ കടന്നുപോയി. ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു മരിച്ച വർഷം 1964-ൽ ആണ് എൻറെ ജനനം. അതുകൊണ്ടുതന്നെ ഈ വർഷം എല്ലാവരുടെയും ഓർമ്മയിലുണ്ട്.

മാധവിക്കുട്ടിയുടെ ‘മിഡിൽ ഏജ്’ എന്ന ഇംഗ്ലീഷ് കവിതയിൽ ഒരു അമ്മ എപ്പോഴാണ് മധ്യവയസ്ക ആകുന്നത് എന്ന് പറയുന്നുണ്ട്. തലമുടി നരക്കുമ്പോഴോ ചർമത്തിൽ ചുളിവുകൾ വീഴുമ്പോഴോ അല്ല പകരം മക്കൾ നമ്മളോട് കയർത്തു സംസാരിച്ചു തുടങ്ങുമ്പോൾ മനസിലാക്കി കൊള്ളണം നമുക്ക് വയസ്സായി തുടങ്ങിയെന്ന്.

എന്നെ വേദനിപ്പിച്ചവരോട്, സന്തോഷിപ്പിച്ചവരോട്, ദുഃഖിപ്പിച്ചവരോട് എല്ലാവരോടും എനിക്ക് സ്നേഹം മാത്രം. കാരണം ഇനി ഒരു 60 വർഷം കൂടി എൻറെ മുമ്പിൽ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ആരുടെയെങ്കിലും മനസ്സ് ഞാൻ കാരണം വേദനിച്ചിട്ടുണ്ട് എങ്കിൽ ഈ അവസരത്തിൽ മാപ്പു ചോദിക്കുന്നു . ഒരു പക്ഷെ ഇനി അതിന് കഴിഞ്ഞില്ലെങ്കിലോ?

സുഗതകുമാരി ടീച്ചർ എഴുതിയതുപോലെ “മരിച്ചുകഴിഞ്ഞ് എന്നെ കാണാൻ ആരും വരണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക അത്രമാത്രം.”

എഴുത്തു വഴിയിലെ എൻറെ പുണ്യം എന്ന് എന്നെ വിശേഷിപ്പിച്ച ശ്രീമതി നിർമ്മലഅമ്പാട്ടിന്, ‘സന്തോഷ ജന്മദിനം കുട്ടി’ എന്ന പാട്ടുപാടി പിറന്നാൾ ആശംസകൾ എല്ലാ വർഷവും ഫോണിലൂടെ ആശംസിക്കുന്ന എഴുത്തു വഴിയിലെ എൻറെ ഗുരുനാഥൻ ശ്രീ സി.ഐ ജോയിക്ക്, ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് അയാളിൽ പ്രചോദനത്തിന്റെ തീപ്പൊരി നിക്ഷേപിക്കുക എന്ന ദൗത്യം ഭംഗിയായി ഞാൻ നിർവഹിച്ചു എന്ന് അവകാശപ്പെടുന്ന ശ്രീമതി സുജ പാറുക്കണ്ണിലിന്, ഞാൻ എഴുതുന്ന കഥകൾ ശ്രദ്ധാപൂർവം വായിച്ചു അതിനു യോജിച്ച അടിപൊളി പോസ്റ്ററുകൾ ഉണ്ടാക്കുന്ന മലയാളിമനസ്സിന്റെ ക്രീയേറ്റീവ് ആർട്ടിസ്റ്റ് ശ്രീമതി സിസി ബിനോയ്ക്ക്, എൻറെ കൂടപ്പിറപ്പുകൾക്ക്, എൻറെ അച്ഛന്, സ്വർഗത്തിൽ ഇരുന്ന് ജപമാല ചൊല്ലി മാതാവ് വഴി എനിക്ക് എല്ലാ നന്മകളും വാങ്ങിച്ചു തരുന്ന അമ്മയ്‌ക്ക്, ആദ്യമായി എന്നെ അമ്മേയെന്നു വിളിച്ച തോമസിന്, ഇണങ്ങിയും പിണങ്ങിയും ചിലപ്പോൾ പ്രോത്സാഹിപ്പിച്ചും ചിലപ്പോൾ നിശിതമായി വിമർശിച്ചും ഞാൻ എഴുതുന്ന കഥകൾക്ക് അനുയോജ്യമായ കാർട്ടൂണുകൾ വരച്ചു തന്നും ജീവിതയാത്രയിൽ എന്നോടൊപ്പം എന്നും എന്റെ കൂടെ നിൽക്കുന്ന എന്റെ ജീവിതപങ്കാളി ജോസിയ്ക്ക്, ജോസി തോമസ് മലയലിന്റെ ഇഷ്കിന്റെ♥️ സാമ്രാജ്യത്തിലെ ചക്രവർത്തിനിക്ക് ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നു എന്ന് പറഞ്ഞ ശ്രീമതി ആസിഫ അഫ്രോസിന്, മലയാളിമനസ്സിന്റെ സാരഥി ശ്രീ രാജു ശങ്കരത്തിൽ സാറിന്………. അങ്ങനെ എണ്ണമറ്റ എൻറെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും, എഫ് ബി സൗഹൃദങ്ങൾക്കും സാഹപാഠികൾക്കും എന്റെ ബാല്യകാല സഖി മഞ്ജുവിനും എൻറെ ജന്മദിനത്തിൽ നിങ്ങൾ നൽകിയ മനോഹരമായ ഷഷ്ടിപൂർത്തി ആശംസകൾക്കും എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട്. നന്ദി!നമസ്കാരം!🙏🙏🙏

മേരി ജോസി മലയിൽ,

എഡിറ്റോറിയൽ ബോർഡ് മെമ്പർ,
മലയാളി മനസ്സ്,
തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments