Tuesday, March 5, 2024
HomeUS News🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഒരേ കാര്യത്തിനു തന്നെ രണ്ടു വശങ്ങളുണ്ടാകാം

സ്ക്കൂൾ മുറ്റത്ത് രണ്ടു കുട്ടികൾ തമ്മിൽ, വലിയ വാഗ്വാദമായി. കയ്യാങ്കളിയിലെത്തുമെന്നായപ്പോൾ, പ്രധാനാദ്ധ്യാപിക രംഗ പ്രവേശം ചെയ്ത് രണ്ടു പേരേയും ഓഫീസിലേക്കു കൊണ്ടു പോയി. താൻ പറഞ്ഞതാണു ശരിയെന്ന വാദത്തിൽ, രണ്ടു കുട്ടികളും ഉറച്ചു നിന്നു. മുഖാമുഖം നിന്ന കുട്ടികളുടെ നടുവിൽ, പ്രധാനാദ്ധ്യാപിക ഒരു മരക്കുതിരയെ വച്ചു. അവരോട്, അതിന്റെ നിറമെന്തെന്നു ചോദിച്ചു. ഒന്നാമൻ പറഞ്ഞു, “കറുപ്പ് ” അവനെ പുശ്ചിച്ചു കൊണ്ട് രണ്ടാമൻ പറഞ്ഞു: “വെളുപ്പ്”

ഇരുവരോടും പരസ്പരം വശം മാറി നിൽക്കാൻ പ്രധാനാദ്ധ്യാപിക അവശ്യപ്പെട്ടു. അവർ കുട്ടികളോടു വീണ്ടും ചോദിച്ചു, ഇപ്പോൾ എന്താണു കുതിരയുടെ നിറം, ഒന്നാമൻ പറഞ്ഞു “വെളുപ്പ് “രണ്ടാമൻ പറഞ്ഞു “കറുപ്പ് ” കുതിരയുടെ ഓരോ വശത്തും, ഓരോ നിറമാണു പൂശിയിരുന്നത്.

മറുവശത്തു നിന്നു കൂടി ചിന്തിച്ചാൽ, പല പ്രശ്നങ്ങളും അവസാനിക്കും. മിക്ക വാഗ്വാദങ്ങളുടെയും ആത്യന്തിക ലക്ഷ്യം, ഏതു ശരിയെന്നു തീരുമാനിക്കുകയല്ല, ആരു ശരിയെന്നു തീരുമാനിക്കുകയാണ് ആശയ ന്യായീകരണത്തിനു വേണ്ടി തുടങ്ങുന്ന വാഗ്വാദം, അവസാനം വ്യക്തി സംഘർഷത്തിൽ ചെന്ന്
അവസാനിക്കുകയും ചെയ്യും.

വാദിക്കുന്നവർ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാവരും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങൾ കാണുന്നത്. ഒരേ കാര്യത്തിനു തന്നെ, രണ്ടു വശങ്ങളുണ്ടാകാം. ഒരേയൊരു ശരി തന്റേതു മാത്രമാണെന്നു കരുതുന്നതാണു തർക്കങ്ങളുടെ വൈകാരികത വർദ്ധിപ്പിക്കുന്നത്. വ്യക്തികളെയല്ല, ആശയങ്ങളേയാണ്, എതിർക്കേണ്ടത്.

വ്യക്തിയെ അംഗീകരിക്കുകയും, അയാളുടെ വാദത്തെ ആദരിക്കുകയും ചെയ്യാതെ, ഒരു തർക്കവും, ക്രീയാത്മകമായി പുരോഗമിക്കുകയില്ല. എനിക്കു ജയിക്കണമെന്നുള്ള പിടിവാശി എടുത്തു മാറ്റിയിട്ടു വേണം, ഇരു വശത്തുമുള്ളവർ, ചർച്ചയ്ക്കും സംവാദത്തിനും മുതിരുവാൻ. തർക്കങ്ങൾ പരിഹരിക്കപ്പെടണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടു കൂടി വേണം, ചർച്ചകൾക്കു മുതിരുവാൻ.

വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെ മാത്രമേ, പുതിയ ആശയങ്ങളും, പദ്ധതികളും രൂപപ്പെടൂ. വ്യക്ത്യാധിഷ്ഠിത വാദങ്ങൾ,കലഹങ്ങൾ സൃഷ്ടിക്കാനേ ഉപകരിക്കൂ. വ്യക്തികളെയാണ് എതിർക്കുന്നതെങ്കിൽ,സ്വരം ഉയർന്നു നിൽക്കും. വാദങ്ങളേയാണ്
എതിർക്കുന്നതെങ്കിൽ, ആശയം ഉയർന്നു നിൽക്കും.

സർവ്വേശ്വരൻ തുണയ്ക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments