Friday, September 20, 2024
Homeസ്പെഷ്യൽമഹാകവി കാളിദാസനും അദ്ദേഹത്തിന്റെ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ ദർശനീകതയും (ഭാഗം -2) ✍ ശ്യാമള...

മഹാകവി കാളിദാസനും അദ്ദേഹത്തിന്റെ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ ദർശനീകതയും (ഭാഗം -2) ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് ശകുന്തള. വിശ്വാമിത്രമഹർഷിയുടേയും അപ്സരസായ മേനകയുടേയും മകൾ ആണ് ശകുന്തള. ജനിച്ചപ്പോഴേ മാതാപിതാക്കൾ ഉപേക്ഷിച്ച ശിശുവിനെ ഒരു സംഘം പക്ഷികൾ സംരക്ഷിക്കുന്നു. കണ്വമഹർഷി കുഞ്ഞിനെ കണ്ടെത്തി ഏറ്റുവാങ്ങുകയും, ശകുന്തങ്ങൾ അഥവാ പക്ഷികൾ സംരക്ഷിച്ചതിനാൽ “ശകുന്തള” എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ശകുന്തള സുന്ദരിയും സുശീലയുമായ ഒരു ആശ്രമകന്യകയായി വളർന്നു വന്നു. യൗവ്വനയുക്തയായിത്തീർന്നു.

ഒരിക്കൽ കണ്വമുനിയും ശിഷ്യന്മാരും ഹോമാദികൾക്കായി പോയിരിക്കുമ്പോൾ, ഹസ്തിനപുര രാജാവായ ദുഷ്യന്തൻ കാട്ടിൽ നായാട്ടിനെത്തി. മാനിനെ കൊല്ലാൻ പിന്തുടരുന്നതിനിടയിൽ ഒരു മുനികുമാരൻ, ആശ്രമമൃഗമാണ് അതെന്നും കൊല്ലരുതെന്നും രാജാവി നോട് അപേക്ഷിക്കുന്നു.. അസ്ത്രം തിരിച്ചെടുത്തു് പിൻവലിക്കാൻ അദ്ദേഹം രാജാവിനോട് അഭ്യർത്ഥിച്ചു. യുവമുനിയുടെ വാക്കുകൾക്ക് രാജാവ് വഴങ്ങുന്നു.തങ്ങൾ യജ്ഞാവശ്യത്തിന് വിറക് ശേഖരിക്കാൻ പോവുകയാണെന്നും താൽപര്യമുണ്ടെങ്കിൽ രാജാവിന് തങ്ങളോടൊപ്പം ചേരാമെന്നും മുനി കുമാരൻ അറിയിക്കുന്നു. തുടർന്ന് രാജാവ് ആശ്രമം സന്ദർശിക്കാൻ തീരുമാനിച്ചു. ശാന്തമായ ആശ്രമ അന്തരീക്ഷത്തിന് ഭംഗം നേരിടാതിരിക്കാൻ അദ്ദേഹം രഥം ആശ്രമത്തിൽ നിന്നും വളരെ അകലെയാണ് നിറുത്തിയത്.

ആശ്രമത്തിലേക്ക് പ്രവേശിച്ച ദുഷ്യന്ത രാജാവ് കണ്വന്റെ വളർത്തുപുത്രിയായ ശകുന്തളയെക്കാണുകയും അവളുടെ അംഗലാവണ്യത്തിൽ മതിമയങ്ങി അവളിൽ അനുരക്തനായിത്തീരുകയും ചെയ്തു.. രാജാവ് ധർമ്മനീതി പ്രകാരം രാജകീയ രീതിയിൽ അവളെ ഗാന്ധർവ്വ വിവാഹം കഴിച്ചു. തനിക്കുണ്ടാകുന്ന പുത്രൻ കിരീടാവകാശി ആയിരിക്കണം എന്ന് ശകുന്തള രാജാവിനോട് ആവശ്യം ഉന്നയിച്ചു. ദുഷ്യന്തൻ കുറച്ചു ദിവസം ആശ്രമത്തിൽ കഴിച്ചു കൂട്ടുന്നു. കണ്വമുനി അപ്പോഴും തിരിച്ചെത്തിയിട്ടില്ല. അനുചരന്മാർ രാജാവിനെത്തേടിയെത്തുകയും അദ്ദേഹത്തെ അത്യാവശ്യം ആയി കൊട്ടാരത്തിലേയ്ക്ക് കൂട്ടി ക്കൊണ്ടു പോവുകയും ചെയ്യുന്നു. ഉടനെ തിരികെ വരാമെന്ന് വാക്കു നൽകി ദുഷ്യന്തൻ കൊട്ടാരത്തിലേക്കു തിരിച്ചു പോയി. പിരിയുമ്പോൾ, ശകുന്തളയ്ക്ക് അദ്ദേഹം പ്രേമോപഹാരമായി ഒരു മുദ്രമോതിരം നൽകി.

ഒരുദിവസം വിരഹാർത്തയായ ശകുന്തള ദുഷ്യന്തനെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിരിക്കെ പരിസരമൊക്കെയും മറന്നു പോയി. അപ്പോഴാണ് ക്ഷിപ്രകോപത്തിന് കേൾവികേട്ട മുനി ദുർവ്വാസാവ് വരുന്നത്. ഭർത്താവിന്റെ വിചാരങ്ങളിൽ മുഴുകിയിരുന്ന ശകുന്തള, മുനി ആഗതനായത് അറിഞ്ഞതേയില്ല. കണ്ടിട്ടും തന്നെ അവഗണിക്കുകയാണ് ആശ്രമപുത്രി എന്ന് തെറ്റിദ്ധരിച്ച കോപാകുലനായ അദ്ദേഹം ” നീ ആരെ ഓർത്തിരിക്കുന്നു വോ, ആയാൾ നിന്നെ ഓർക്കാതെ പോകട്ടെ” എന്ന് കഠിനമായി ശപിച്ചും കൊണ്ട് അവിടം വിട്ടു പോകുന്നു.

ഈ ശാപവചനം കേൾക്കാനിടയായ തോഴിമാർ, ശകുന്തളയുടെ അറിവ് കൂടാതെ മുനിയുടെ കാൽക്കൽ വീണ് കാണിച്ചാൽ നഷ്ടമായ ഓർമ്മ തിരിച്ചു കിട്ടും” എന്ന് ശാപമോക്ഷം നേടി.

തോഴിമാർ ശകുന്തളയിൽ നിന്നും ഇക്കാര്യങ്ങൾ മറച്ചു വെച്ചു.
ദുഷ്യന്തൻ ആശ്രമത്തിൽ നിന്നും പോയയുടനെ കണ്വൻ മടങ്ങി വന്നു.
ദിവ്യചക്ഷുസ്സു കൊണ്ട് ആശ്രമത്തിൽ സംഭവിച്ചതെല്ലാം കണ്ടറിഞ്ഞു, ശകുന്തളയ്ക്ക് യോഗ്യനായ ഒരു പുത്രൻ ജനിക്കുമെന്നും അവൻ ആഴി ചൂഴുന്ന ഈ ഭൂമിയെ ഭരിക്കുമെന്നും കണ്വൻ അനുഗ്രഹിച്ചു.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. എന്നിട്ടും ദുഷ്യന്തനെ കാണുന്നില്ല ഗർഭലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയിരുന്ന അവളെ കണ്വൻ, ഗൗതമിയെന്ന മുതിർന്ന ഒരു ആശ്രമവാസിയെയും ശാർങ്ഗരവൻ എന്ന മുനികുമാരനെയും കൂട്ടി കൊട്ടാരത്തിലേക്കയച്ചു. വഴിയിൽ മുദ്രമോതിരം പ്രത്യേകം സുക്ഷിച്ചു കൊള്ളണമെന്ന് അനസൂയ ശകുന്തളയെ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. യാത്രാമദ്ധ്യേ അവർ സോമാവതാരതീർത്ഥത്തിലിറങ്ങി സ്നാനം ചെയ്തു. തദവസരത്തിൽ ശകുന്തളയുടെ വിരലിൽ നിന്നും മോതിരം ഊർന്നു ജലത്തിൽ വീണുപോയത് ആരും അറിഞ്ഞില്ല. അവർ ദുഷ്യന്തന്റെ കൊട്ടാരത്തിൽ എത്തി. പ്രതീക്ഷിച്ചതിന് വിപരീതമായി ആരും അവരെ ശ്രദ്ധിച്ചില്ല. ദുഷ്യന്തന് അവളെ കണ്ട ഓർമ്മപോലുമില്ല. അടയാളമായി കൊടുത്ത മുദ്രമോതിരം നോക്കിയപ്പോൾ അതും അപ്രത്യക്ഷമായിരിക്കുന്നു.

ശകുന്തളയെ കൊട്ടാരത്തിൽ വിട്ടതിനു ശേഷം കൂടെവന്നവർ തിരികെപ്പോയി.
ശകുന്തളയുടെ ദീനദീനമായ വിലാപം കേട്ട് മനസ്സലിഞ്ഞ് എത്തിച്ചേർന്ന മേനക, അവളെ കൈക്കൊള്ളുകയും കശ്യപാശ്രമത്തിൽ കൊണ്ടുചെന്നാക്കി.

സോമാവതാരതീർത്ഥത്തിൽ വീണുപോയ മുദ്രമോതിരം ഒരു മൽസ്യം കൊത്തിവിഴുങ്ങി. യാദൃച്ഛികമായി ആ മൽസ്യം മുക്കുവന്മാരുടെ വലയിൽപ്പെട്ടു. അതിന്റെ ഉള്ളിൽ നിന്നും കിട്ടിയ മുദ്രമോതിരം വിൽക്കുന്നതിനുവേണ്ടി മുക്കുവന്മാർ തെരുവിൽക്കൂടി നടന്നു. ആ സമയം രാജഭൃത്യന്മാർ അവരെ പിടികൂടി കൊട്ടാരത്തിൽ കൊണ്ടു വന്നു. മുദ്രമോതിരം കണ്ടയുടനെ ആശ്ചര്യപ്പെട്ടുപോയ രാജാവിൽ ഭൂതകാല ചിന്തകൾ ഉണരുകയും ശകുന്തളാവൃത്താന്തം മുഴുവനും അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞുവരികയും ചെയ്തു. അന്നു മുതൽ അദ്ദേഹം പശ്ചാത്താപ വിവശനായി ദുഃഖാർത്തനായി ഭവിച്ചു. രാജ്യമെമ്പാടും പ്രിയപത്നിയെയും മകനെയും അന്വേഷിച്ചു കണ്ടുപിടിക്കാൻ സംഘങ്ങളെ അയച്ചു. അവർ അന്യരാജ്യങ്ങളിലും അന്വേഷിച്ചു പോയി.

ആയിടയ്ക്ക് ദേവാസുരയുദ്ധം ഉണ്ടായി. ഇന്ദ്രൻ തന്റെ തേരാളിയായ മാതലിയെ അയച്ചു് ദുഷ്യന്തനെ ദേവലോകത്തേക്ക് ക്ഷണിച്ചു. ദുഷ്യന്തൻ ദേവലോകത്തു് എത്തിച്ചേർന്നു.

ഇതിനിടയിൽ ശകുന്തള കശ്യപാശ്രമ ത്തിൽ വെച്ച് ഒരാൺകുട്ടിയെ ജന്മം നൽകി.കശ്യപൻ ആ ശിശുവിന് ‘സർവ്വദമനൻ’ എന്ന് പേരുമിട്ടു.കുട്ടി വീരശൂരനായി വളർന്നുവന്നു.

ദേവാസുരയുദ്ധം കഴിഞ്ഞു വരുന്ന വഴിയിൽ ദുഷ്യന്തൻ കശ്യപാശ്രമത്തിൽ പ്രവേശിച്ചു. ഒരു സിംഹക്കുട്ടിയെ ബലമായിപ്പിടിച്ചു് പല്ലുകളെണ്ണി നോക്കിക്കൊണ്ടിരിക്കുന്ന സർവ്വദമനനെ രാജാവ് അത്യാശ്ചര്യപൂർവ്വം നോക്കി നിന്നു. കുട്ടിയിൽ നിന്നും എല്ലാ വിവരവും മനസ്സിലാക്കിയ രാജാവ്, ആശ്രമത്തിൽ കശ്യപനെയും ശകുന്തളയെയും കണ്ടുമുട്ടി. അതിനു ശേഷം കശ്യപന്റെ അനുഗ്രഹവും വാങ്ങി, ദുഷ്യന്തൻ ഭാര്യയെയും മകനെയും പശ്ചാത്താപപൂർവ്വം സ്വീകരിച്ചു് കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വാഗ്ദത്തപ്രകാരം സർവ്വദമനനെ രാജാവാക്കി വാഴിക്കുകയും ചെയ്തു.

ഈ കുട്ടിയാണ്, പിന്നീട് ഭാരത ചക്രവർത്തിയായിത്തീർന്ന ഭരതൻ.

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments