Monday, March 17, 2025
Homeകേരളംതെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടാണ് നടപടി.

സംഭവത്തില്‍ 14 ദിവസത്തിനുള്ളില്‍ പത്രങ്ങള്‍ രേഖാമൂലം മറുപടി നല്‍കണം. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ്‌ നോട്ടീസ്‌. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു.

2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ പത്രങ്ങളിൽ കൊച്ചി ജെയിന്‍  യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ  പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജില്‍ നിറഞ്ഞുനിന്നത്. ദേശാഭിമാനി ഒഴികെ എല്ലാ മലയാള പത്രങ്ങളും ജാക്കറ്റ് പേജില്‍ പരസ്യം വിന്യസിച്ചിരുന്നു.

‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന ലീഡ് വാര്‍ത്തയിൽ ‘ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’ അറിയിച്ചതെന്ന തുൾപ്പടെയുള്ള വാര്‍ത്ത വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത്‌ മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന്‌ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments