തിരുവനന്തപുരം : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനായി രവി പിള്ള അക്കാദമി 525 കോടി രൂപ നീക്കിവെച്ചതായി പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ ബി രവി പിള്ള. അടുത്തിടെ ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) അംഗീകാരം രവി പിള്ളയ്ക്ക് ലഭിച്ചിരുന്നു. ഈ നേട്ടത്തിൽ അദ്ദേഹത്തിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച രവി പ്രഭ സ്‌നേഹ സംഗമത്തിൽ വെച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ചേർന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വിദേശത്ത് മലയാളികൾക്ക് ലഭിക്കുന്ന പരിഗണനയ്ക്കു പിന്നിൽ ദീർഘകാലം വിശ്വസ്തതയോടെ ആ നാടുകളെ സേവിച്ച ഡോ. ബി. രവി പിള്ളയെ പോലുള്ളവരുണ്ടാക്കിയ ‘ഗുഡ് വിൽ’ പ്രധാന സ്വാധീന ശക്തിയായിരുന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ ബഹ്റൈന്റെ വികസനത്തിനു വേണ്ടി അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ മുൻനിർത്തിയാണ് ഈ അവാർഡ് നൽകപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വർഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ 1500 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഇതിനായി ഓരോ വർഷവും 10.50 കോടി രൂപ നീക്കിവെച്ചു. സ്‌കോളർഷിപ്പ് വിതരണത്തിനായി ഈ തുക ഓരോ വർഷവും ആഗസ്റ്റിൽ നോർക്കയ്ക്ക് കൈമാറും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സെപ്റ്റംബറിൽ നോർക്ക തുക വിതരണം ചെയ്യും.
ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് ഇടപെടുമെന്നും രവി പിള്ള പറഞ്ഞു. ചടങ്ങിൽ രവി പിള്ളയുടെ ആത്മകഥയായ രവിയുഗത്തിന്റെ കവർ മുഖ്യമന്ത്രി പിണറായി വിജയൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കു നൽകി പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് മദനനൻ വരച്ച രവി പിള്ളയുടെ ചിത്രം നടൻ മോഹൻലാൽ കൈമാറി.