Sunday, December 8, 2024
Homeകേരളംപിഎസ്‌സി കോഴ ഇടപാടിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയെ സിപിഐഎം പുറത്താക്കും.

പിഎസ്‌സി കോഴ ഇടപാടിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയെ സിപിഐഎം പുറത്താക്കും.

കോഴിക്കോട്: പിഎസ്‌സി കോഴ ഇടപാടിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയെ സിപിഐഎം പുറത്താക്കും. സംഘടനാ നടപടി പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി. എത്രയും വേഗം അച്ചടക്ക നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശം. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബന്ധത്തിലും നടപടി നടപടി സ്വീകരിക്കും. റിയൽ എസ്റ്റേറ്റ് ഇടപാടുകാരന് പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം. ഈ ബന്ധം എസ്‌സി കോഴ ആരോപണത്തിലും പങ്ക് വഹിച്ചതായി സംശയം. റിയൽ എസ്റ്റേറ്റ് ഇടപാടുകാരന് ജില്ലാ കമ്മിറ്റി ഓഫീസിൽ വിലക്ക് ഏർപ്പെടുത്തി.

ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ ഇന്നലെ ചേർന്ന സിപിഐഎം ടൗണ്‍ ഏരിയാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. ഏരിയ കമ്മറ്റിയോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരായിരുന്നു. 21 അംഗ ഏരിയ കമ്മറ്റിയില്‍ യോഗത്തില്‍ പങ്കെടുത്ത 18ല്‍ 14 പേരും പ്രമോദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അന്വേഷണം നടത്തി തീരുമാനം അറിയിക്കാമെന്നായിരുന്നു ജില്ലാ സെക്രട്ടറി യോഗത്തില്‍ സ്വീകരിച്ച നിലപാട്.

റിയല്‍ എസ്റ്റേറ്റ് ബന്ധം, ജീവിത ശൈലിയില്‍ പെട്ടെന്നുണ്ടായ മാറ്റം, ലോണ്‍ തരപ്പെടുത്താന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം ഉള്‍പ്പെടെ പ്രമോദിനെതിരായ മുന്‍ പരാതികള്‍ അംഗങ്ങള്‍ യോഗത്തില്‍ ഉയര്‍ന്ന് വന്നിരുന്നു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നയാളെ പുറത്താക്കണമെന്ന് 14 അംഗങ്ങളാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. നാലുപേര്‍ പ്രമോദിനെ അനുകൂലിച്ചു. ആകെയുള്ള 21 അംഗങ്ങളില്‍ മൂന്ന് പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരാതി കിട്ടിയിട്ടും ഇടപെടല്‍ നടത്താത്ത ജില്ലാ കമ്മറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം വാര്‍ത്തയായതോടെ ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.

പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനൻ നേരത്തെ പറഞ്ഞിരുന്നു. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസിനെ വേട്ടയാടാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നത്. 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാൾ പാർട്ടിക്ക് കൈമാറിയതായാണ് സൂചന.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments