കോട്ടയം: പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ഗ്രഹനാഥൻ്റെ ഭാര്യ സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതോടെയാണ് പോലീസ് വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമം നടത്തിയയാളെ രക്ഷപ്പെടുത്തിയത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് നാടകീയമായ സംഭവങ്ങൾ കഴിഞ്ഞ ദിവസമുണ്ടായത്.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ രാവിലെ 10.30 മണിയോടുകൂടി ഈരാറ്റുപേട്ട സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ പോലീസ് ഉടനടി സ്ഥലത്ത് എത്തുകയായിരുന്നു.
പോലീസ് സംഘം വീട്ടിലെത്തുമ്പോള്‍ ഗൃഹനാഥൻ വഴക്കിനെ തുടർന്ന് വീട് പൂട്ടിയിട്ടശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് ഉള്ളിൽ കയറി. മുറിയിൽ കയറിയ പോലീസ് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്ന ഗൃഹനാഥൻ്റെ രക്ഷിച്ചു. മുണ്ടിന്റെ കെട്ട് മുറിച്ചുമാറ്റി ഇയാളെ താഴെയിറക്കുകയായിരുന്നു.
താഴെയിറക്കിയ ശേഷം ഗൃഹനാഥന് ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നൽകി ജീവന് ആപത്തില്ലെന്ന് ഉറപ്പ് വരുത്തി. പിന്നാലെ എത്തിയ പാലിയേറ്റിവ് അംഗങ്ങൾക്ക് ഗൃഹനാഥനെ കൈമാറിയശേഷമാണ് പോലീസ് സംഘം മടങ്ങിയത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്ഐ രാധാകൃഷ്ണൻ, സിപിഓ സന്ദീപ് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ ഇടയായത്.