Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 04 | ചൊവ്വ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 04 | ചൊവ്വ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആത്മനിയന്ത്രണം എന്ന കരുത്ത്
—————————————————–

ഗുരു വളരെ മിതവ്യയ ശീലമുള്ള ആളായിരുന്നു. വസ്ത്രധാരണം ഏറെ ലളിതം. ചെരിപ്പു പോലും ധാരിക്കാറില്ലായിരുന്നു. പക്ഷെ, അദ്ദേഹം സ്ഥിരമായി അങ്ങാടിയിലെത്തുമായിരുന്നു. എല്ലാ കടകളിലും കയറുമായിരുന്നെങ്കിലും, ഒന്നും വാങ്ങാറില്ലായിരുന്നു. വിചിത്രമായ ഈ സ്വഭാവം കണ്ട് ഒരിക്കൽ ശിഷ്യർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങെന്തിനാണ് , ഒരു സാധനം പോലും വാങ്ങാതിങ്ങനെ കടകൾ കയറിയിറങ്ങുന്നത്?” ഗുരു പറഞ്ഞു: “അതിനൊരു കാരണമേയുള്ളു. എന്തൊക്കെ സാധനങ്ങൾ ഇല്ലാതെയാണു ഞാൻ ജീവിക്കുന്നതെന്നെനിക്കറിയണം”.

ഉള്ളവ മാത്രമല്ല, ഇല്ലാത്തവ കൂടി കണക്കാലെടുക്കുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സമ്പത്ത് വ്യക്തമാകുക. തനിക്കു വേണ്ടതെന്തൊക്കെ, വേണ്ടാത്തതെന്തൊക്കെ എന്നു തിരിച്ചറിയാനുള്ള കഴിവാണ് ഒരാളുടെ ജീവിത സംതൃപ്തിയുടെ അടിസ്ഥാനം. വേണ്ടതിനേയെല്ലാം തിരസ്ക്കരിക്കുകയും, വേണ്ടാത്തതെല്ലാം വാങ്ങിക്കൂട്ടുകയും ചെയ്യുന്നവരിലാണ് അസംതൃപ്തിയും, അരക്ഷിതാവസ്ഥയും അഴിഞ്ഞാടുന്നത്. അത്യാവശ്യത്തെയും, ആവശ്യത്തെയും, അനാവശ്യത്തെയും നിർവചിക്കാനും, തരം തിരിക്കാനും അറിയാവുന്നവർക്ക് സ്വത്തും വസ്തുക്കളുമൊന്നും ജീവിത ലക്ഷ്യമായിരിക്കില്ല; സേവന ഉപാധികൾ മാത്രമായിരിക്കും. ഉപയോഗമുള്ളവയെല്ലാം തേഞ്ഞു തീരും; ഉപയോഗമില്ലാത്തവ തുരുമ്പെടുത്തു നശിക്കും.

അടിസ്ഥാന ആവശ്യങ്ങൾ ഒന്നാന്നെങ്കിൽപ്പോലും, ജീവിത സാഹചര്യങ്ങൾക്കനുസരിച്ചാണ് ഒരാളുടെ ആവശ്യങ്ങൾ രൂപപ്പെടുന്നത്. ആവശ്യങ്ങളേക്കാൾ, ആഡംബരങ്ങളെ ആലിംഗനം ചെയ്യുന്നവരുടെ ജീവിത അടിത്തറ ബലിഷ്ടമായിരിക്കില്ല. ലാളിത്യത്തിൽ ജീവിക്കുന്നവരാണ് ആയുസ്സിൻ്റെ കാര്യത്തിലും, ആരോഗ്യത്തിൻ്റെ കാര്യത്തിലും മുമ്പിട്ടു നിൽക്കുക. അധികാരത്തിൻ്റെയും പദവിയുടെയുമടിസ്ഥാനത്തിൽ സമ്പാദിച്ചുകൂട്ടുന്നവർ, എങ്ങനെയെങ്കിലും അവ ഉപയോഗിച്ചു തീർക്കാനുള്ള വ്യഗ്രതയിലായിരിക്കും ജീവിക്കുക.

ഒന്നുമില്ലാത്തവർ എന്നു കരുതപ്പെടുന്നവരിലായിരിക്കും, മറ്റാർക്കുമില്ലാത്ത അച്ചടക്കവും ആത്മനിയന്ത്രണവുമൊക്കെ കാണുക. കണ്ണിൽക്കാണുന്നതെല്ലാം സ്വന്തമാക്കണമെന്ന ചിന്തയില്ലാത്തവർക്ക് മാത്രമേ, സംതൃപ്ത ജീവിതം സാദ്ധ്യമാകൂ.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments