Sunday, June 16, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 01 | ശനി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 01 | ശനി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അടുത്തറിഞ്ഞു പിന്തുടരാം
——————————————-

മുറ്റത്തു വെച്ചിരിക്കുന്ന പാത്രത്തിലേക്കു നോക്കി കുനിഞ്ഞിരിക്കുന്ന ശിഷ്യനെക്കണ്ട് ഗുരു ചോദിച്ചു: ” നീ എന്തു ചെയ്യുകയാണ്?”
“ഈ പാത്രത്തിലെ വെള്ളത്തിൽ ചന്ദ്രനുണ്ട്. ഞാൻ ചന്ദ്രനെ ധ്യാനിക്കുകയാണ്‌ “, ശിഷ്യൻ പറഞ്ഞു. “ചന്ദ്രൻ ആകാശത്താണ്; കാണാൻ അങ്ങോട്ടു നോക്കണം”, ഗുരു പ്രതിവചിച്ചു. “അല്ല ഗുരോ, വെള്ളത്തിൽ ചന്ദ്രൻ വളരെയടുത്താണ് !”, ശിഷ്യൻ പറഞ്ഞു. ഗുരു പാത്രം തട്ടിമറിച്ചു. ചന്ദ്രബിംബം അപ്പാടെ അപ്രത്യക്ഷമായി. ശിഷ്യൻ ആകാശത്തിലെ ചന്ദ്രനെ നോക്കി ധ്യാനം തുടങ്ങി.

പ്രതിബിംബങ്ങൾക്കു പരിമിതികളുണ്ട്. പ്രതിഫലിപ്പിക്കുന്ന ചാലകത്തിൻ്റെ മികവിനപ്പുറത്തേക്ക്, ഒരു പ്രതിരൂപവും നന്നാകില്ല. ജലം നിശ്ചലമാകണം, തെളിമയുള്ളതാകണം; കണ്ണാടി തകരാത്തതാകണം, ദൃഢതയുള്ളതാകണം. എങ്കിലേ, പ്രതിരൂപം ആധികാരികമാകൂ. പല ബിംബങ്ങളും തകരുന്നത്, അവയെ വഹിക്കുന്ന ചാലകങ്ങളുടെ തെളിവില്ലായ്മ കൊണ്ടാണ്.

രൂപങ്ങളെയോ രൂപസാദൃശ്യങ്ങളെയോ പിന്തുടരുത്. അവ പലപ്പോഴും പ്രച്ഛന്ന വേഷങ്ങൾ മാത്രമായിരിക്കും. പ്രതിമകളുടെ ആകൃതിയും വലുപ്പവും നോക്കി, അവയ്ക്കു പിന്നിലെ യഥാർത്ഥ്യത്തെ അളക്കരുത്. പുറം കാഴ്ചകളിലെ കുളിർമയേക്കാൾ, അകക്കണ്ണിൻ്റെ തെളിമ കൊണ്ടു വേണം, എന്തിനേയും പിന്തുടരാൻ. പ്രതിരൂപങ്ങളുടെയോ, അവ സൃഷ്ടിക്കുന്ന ആളുകളുടെയോ വിശുദ്ധിയല്ല, അവയ്ക്കു പിന്നിലെ സങ്കല്പങ്ങളുടെ പവിത്രതയാണു പ്രധാനം. ഈശ്വര സങ്കല്പങ്ങൾ പോലും വികൃതമാക്കപ്പെടുന്നത് അവയെ പ്രതിനിധാനം ചെയ്യുന്ന ആളുകളുടെ അയോഗ്യത കൊണ്ടാണ്.

അടുത്തുള്ളവയെ മാത്രം അറിഞ്ഞാൽ പോരാ, അകലെയുള്ളവയേയും അടുത്തറിയണം. അടുത്തള്ളവയെല്ലാം സത്യമാകണമെന്നില്ല; യാഥാർത്ഥ്യങ്ങളിലേക്കു നയിക്കണമെന്നുമില്ല.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments