Sunday, June 16, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 24 | വെള്ളി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 24 | വെള്ളി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നമുക്കും മാലാഖമാരെ രൂപപ്പെടുത്താൻ ആകട്ടെ
————————————————————-

‘ഒരമ്മയും മകനും സംസാരിച്ചുകൊണ്ടിക്കുകയായിരുന്നു. അമ്മ പറഞ്ഞു: “എനിക്കു കല്യാണം കഴിക്കാൻ താൽപര്യമില്ലായിരുന്നു. ഒറ്റയ്ക്കു കഴിയാനായിരുന്നു ഇഷ്ടം”. മകൻ ചോദിച്ചു: “അങ്ങനെയായിരുന്നെങ്കിൽ ഞാൻ എങ്ങനെ ജനിച്ചേനെ?” അമ്മ പറഞ്ഞു: “അങ്ങനെയായിരുന്നെങ്കിൽ, നീ ആകാശത്തിലെ ഒരു മാലാഖയായി മാറിയേനെ”. അവനെ ചേർത്തു പിടിച്ച്, അവൻ്റെ തോളുകൾ തലോടിക്കൊണ്ടവർ പറഞ്ഞു: “നിൻ്റെ ഈ തോളുകളിൽ, ചിറകുകളൊടിഞ്ഞതിൻ്റെ അടയാളങ്ങളുണ്ട്. ഒടിഞ്ഞ ചിറകുകളുള്ള മാലാഖയാണു നീ”.

ചില മനുഷ്യരെ കാണുമ്പോൾ, മാലാഖമാരുണ്ടെന്നു നമുക്കു സമ്മതിക്കേണ്ടി വരും. ചിറകുകളില്ലെങ്കിലും, കരുണയും കരുതലും ഹൃദയത്തിലൊളിപ്പിച്ചു നടക്കുന്നവർ. അവർ അവശേഷിപ്പിക്കുന്ന നന്മയും സ്നേഹവുമാണ്, സ്വർഗ്ഗമുണ്ടെന്നും, അതു ഭൂമിയിൽത്തന്നെ ആണെന്നുമുള്ള വിശ്വാസം നമ്മിൽ അങ്കുരിപ്പിക്കുന്നത്.

ഈശ്വരൻ്റെ അവതാരങ്ങളാണ് ഓരോ മനുഷ്യരും . ചിലരതു് തെളിയിക്കുന്നു; ചിലർ അവഗണിക്കുന്നു. നിസ്സഹായതയും നിവർത്തികേടും മുമ്പിൽ കാണുമ്പോൾ മാത്രമാണ് പലപ്പോഴും മനുഷ്യരിലെ മാലാഖമാർ ഉണരുന്നത് എന്നതു മാത്രമാണ് സങ്കടകരം. മറ്റുള്ളവരുടെ ദു:ഖത്തിലും, വേദനയിലും ഭാഗഭാക്കുകളാകാനും, അവ പങ്കുവയ്ക്കാനും നമുക്കെല്ലാവർക്കും ആയിരുന്നെങ്കിൽ, അവയുടെ അളവും ആഘാതവും തീർച്ചയായും ഏറെ കുറഞ്ഞേനേ.

മാലാഖമാർ രൂപപ്പെടുന്നത് ജനിക്കുന്നിടത്തല്ല; വളർത്തുന്നിടത്താണ്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെല്ലാം മാലാഖമാരുടെ സൗന്ദര്യവും സന്മനസ്സും ഉള്ളവരാണ്. പൂർണ വളർച്ചയെത്തുമ്പോഴേക്കും, രൂപവും ഭാവവും മാറുന്നെങ്കിൽ, വളരുന്ന ഇടങ്ങളുടെയും, വളർത്തുന്ന ആളുകളുടെയും പോരായ്മയാണ് അത്. തങ്ങളുടെ കുഞ്ഞുങ്ങളെ മാലാഖമാരായി വളർത്താൻ ശേഷിയുള്ള മാതാപിതാക്കളോ, അതിനവർക്കു പ്രചോദനം പകരാൻ കഴിവുള്ള മാർഗദർശികളോ, ഉണ്ടായിരുന്നെങ്കിൽ, മനുഷ്യരാരും മനുഷ്യപ്പറ്റില്ലാത്തവരായി മാറുകയില്ലായിരുന്നു.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments