Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 21 | ചൊവ്വ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 21 | ചൊവ്വ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അനിവാര്യത ഒരു അനുപേക്ഷണീയത അല്ല
——————————————————————

ആർക്കും ആരും ഒരു പരാധിക്കപ്പുറം അനിവാര്യരല്ല. സൗഹൃദങ്ങളുടെയെല്ലാം അകത്തളങ്ങളിൽ, സ്വന്തം നിലനില്പിൻ്റെ അടിവേരുകൾ ദൃശ്യമായിരിക്കും. അപര സ്നേഹത്തിൻ്റെ മറുവശം, സ്വന്തം വൈകാരിക
തയുടെ പ്രീണനമാകാം. മറ്റൊരാൾക്കു വേണ്ടി, സ്വന്തം ജീവനോ, ജീവിതമോ കൊടുക്കേണ്ടി വരുമ്പോഴേ, സ്നേഹത്തിൻ്റെ ആഴവും പരപ്പും അറിയാനാകൂ. യേശുദേവൻ പറയുകയുണ്ടായല്ലോ: “സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികം സ്നേഹം ആർക്കുമില്ല”, എന്ന്.

അതിവാര്യത ഒരു അനുപേക്ഷണീയത അല്ല. ഉത്സാഹവും, ഊർജ്ജസ്വലതയും, കാര്യപ്രാപ്തിയുമുള്ള ഒരാളുടെ മനസ്സിൽ ഉടലെടുക്കുന്ന അംഹം ബോധത്തിൻ്റെ വെളിപ്പെടുത്തൽ മാത്രമാണത്. പ്രാപ്തിയുള്ളവരെക്കൊണ്ടു കാര്യങ്ങൾ സാധിപ്പിച്ചെടുക്കാൻ, ചുറ്റമുള്ളവർ സൃഷ്ടിക്കുന്ന ഒരു പുകമറയായും, അതിനെ കാണാം.

ആരും അനിവാര്യരല്ല. എല്ലാവർക്കും പകരക്കാരുണ്ടാകും. ഒരാൾ അസ്തമിക്കുമ്പോഴേക്കും, അതുപോലെയുള്ള അനേകർ , ഉദയം ചെയ്തെന്നിരിക്കും. തണൽമരങ്ങൾ അപ്രത്യക്ഷമാകുമ്പോൾ, അവയുടെ കീഴിൽ നിൽക്കുന്നവയ്ക്കു ചെറിയ ക്ഷീണമുണ്ടാകാം. പിന്നീട്, വെയിലു കൊണ്ടും, മഴ നനഞ്ഞും, അവ പതുക്കെ കരുത്താർജ്ജിക്കാനാരംഭിക്കും.

അപരനു വേണ്ടി മാത്രമായി, ഒരാൾക്കെത്ര കാലം ജീവിക്കാനാകും. അത് സ്വന്തം ലക്ഷ്യത്തിൻ്റെയും, സംതൃപ്തിയുടെയും കൂടി ഭാഗമാകുമ്പോൾ മാത്രമേ അവിടെ സ്വാഭാവിക ഊർജ്ജം ഉണ്ടാകൂ. താനാണു മറ്റുള്ളവരെ താങ്ങി നിർത്തുന്നതെന്ന് അഭിമാനിക്കുന്നവരല്ല, താനില്ലാതെയും നിലനിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവർക്കു പകർന്നു നൽകുന്നവരാണ് യഥാർത്ഥത്തിൽ ജീവിതത്തിൻ്റെ ധർമ്മം നിറവേറ്റുന്നവർ.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments