Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 16 | വ്യാഴം ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 16 | വ്യാഴം ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

തെറ്റുകൾ തിരുത്താൻ ആകട്ടെ…
—————————————————-

സ്വന്തം രീതികൾക്കനുസരിച്ചല്ല എല്ലാവരോടും പെരുമാറേണ്ടത്. ഒരാൾ ശീലിച്ച ശൈലികളോടും പഠിച്ച പാoങ്ങളോടും പൊരുത്തപ്പെടാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരികയില്ല. ഓരോരുത്തരും വളർന്നു വന്ന സാഹചര്യങ്ങളും ഉൾക്കൊണ്ട വിശ്വാസപ്രമാണങ്ങളും പലതായിരിക്കുന്നിടത്തോളം കാലം, ഒരാൾക്കു മറ്റൊരാളുടെ പ്രവർത്തന — പ്രതികരണ ശൈലികളോട് പൂർണമായി അനുരൂപപ്പെടുവാൻ കഴിയണമെന്നില്ല.

അപരനെ അവനവനേപ്പോലെയാക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു പിൻ വാങ്ങിയിട്ടേയുള്ളു. എന്നാൽ, അപരനെ അംഗീകരിക്കാനും ആദരിക്കാനും കഴിയുന്നവരെ മറ്റുള്ളവർ ബഹുമാനിക്കും. പിടിവാശികൾ പിടിപ്പുകേടുള്ളവരുടെ ആയുധമാണ്.

എതിരാളികൾക്ക് അനുസരിച്ചു വേണം, യുദ്ധതന്ത്രങ്ങൾ മെനയുവാൻ. അഭിരുചികൾക്ക് അനുസൃതമായി വേണം, സൗഹൃദങ്ങൾ വളർത്തിയെടുക്കുവാൻ.
ആളറിഞ്ഞടുത്താൽ, അനുകൂലമായും ആകർഷകമായും ഇടപെടാനാകും. പുന:ക്രമീകരണങ്ങൾക്കും മാറ്റങ്ങൾക്കും വിധേയരാകേണ്ടി വരുമ്പോഴാണ് ഓരോരുത്തരുടെയും, അകംബോധവും അകക്കാമ്പും വെളിവാകുന്നത്. പിഴവുകൾ തിരുത്താനാകാത്തവർ, പരിഹാസപാത്രങ്ങളാകും. തെറ്റുകൾ ആവർത്തിക്കുന്നവരും, അബദ്ധങ്ങൾ വിറ്റു ജീവിക്കാൻ ശ്രമിക്കുന്നവരും പുറന്തള്ളപ്പെടും.

വരുത്തിയ തെറ്റിനെ ക്ഷമാപണത്തോടെ അംഗീകരിക്കുന്നവരെ ആർക്കാണു തിരസ്ക്കരിക്കാനാകുക? തെറ്റു വരുത്താതിരിക്കാനുള്ള പരിശ്രമത്തോടൊപ്പം, വരുത്തിയ തെറ്റിനെ തിരുത്തിയെടുക്കാനുള്ള സന്നദ്ധതയും നാം നേടിയെടുക്കണം. തെറ്റിൽത്തട്ടി വീണിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, തെറ്റിനു മുകളിൽ സ്ഥിരതാമസമാക്കുന്നവർ എന്നും അവഗണിക്കപ്പെടുകയേ ഉള്ളൂ. തെറ്റുകൾ തിരുത്താൻ ആകട്ടെ നമ്മുടെ ശ്രമം

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments