Saturday, December 7, 2024
Homeകേരളംലോക സഭാ തെരഞ്ഞെടുപ്പ്: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ലോക സഭാ തെരഞ്ഞെടുപ്പ്: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, തുടങ്ങിയവ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിനും, അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം.

തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഓദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ പൂർണ്ണമായും കോട്ടൺ, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്നവ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ.പി.വി.സി. ഫ്ലക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി. പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ, പോളിസ്റ്റർ കൊണ്ടുള്ള തുണി, ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.

100% കോട്ടൺ, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പുനഃചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. നിരോധിത ഉൽപ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ അനുയോജ്യ നിയമ നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആരംഭിക്കണം.

രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സഹൃദ വസ്തുക്കൾ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തണം.

എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും, ഡിസ്‌പോസിബിൾ വസ്തുക്കളും പരമാവധി ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. പോളിംഗ് ബൂത്തുകൾ/വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും, ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.

പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്റുമാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരുവാൻ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയിനറുകളും പരമാവധി ഒഴിവാക്കണം. തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലീപ്പ് /രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഇവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് സ്ക്രാപ്പ് ഡിലേഴ്‌സിനു കൈമാറാനുള്ള നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കണം.

പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷൻ ക്യാമ്പയിൻ മെറ്റീരിയലുകൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വിവിധ വകുപ്പുകൾ, ശുചിത്വ മിഷൻ എന്നിവയുടെ ഏകോപനത്തിലൂടെ ഉചിതമായ നടപടികൾ സ്വീകരിച്ച് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടപ്പിലാക്കുവാനുള്ള അധികാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരിൽ നിക്ഷിപ്തമാണെന്നും ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

വാർത്ത -ജയൻ കോന്നി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments