Thursday, October 29, 2026
Homeകേരളംസർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം: മുഖ്യവിവരാവകാശ കമ്മിഷണർ

സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം: മുഖ്യവിവരാവകാശ കമ്മിഷണർ

സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ വയനാട് പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യിൽ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ 30 ദിവസത്തിനകം മറുപടി നൽകണം. മറുപടി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി.എസ്.ബി ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. വിവരാവകാശ അപേക്ഷകൾ നിയമം അനുശാസിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ് വിശദീകരിച്ചു.

അപേക്ഷകൾക്ക് നിശ്ചിത സമയത്തിനകം മറുപടി നൽകാതിരുന്നാൽ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കിൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്ന് കമ്മിഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. പ്രമോട്ടർമാരുടെ നിയമനം, തൊഴിൽ, തൊഴിലുറപ്പ് വേതനം, വീടുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാതെ കരാറുകാർ പിന്മാറുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഉന്നതികളിലെ നിവാസികൾ സംശയങ്ങൾ ഉന്നയിച്ചു.

പ്രമോട്ടർമാരുടെ നിയമനം നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തേണ്ടതെന്നും സമയബന്ധിതമായി നിയമനം നടത്തിവരുന്നതായും വിവരാവകാശ കമ്മിഷൻ മുൻ ലീഗൽ എക്‌സ്‌പെർട്ട് കെ. പ്രസാദ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും വിവരാവകാശ നിയമത്തിന്റെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് അറിയാനും ക്ലാസ് അവസരമൊരുക്കി.

പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭന ദേവി, വാർഡ് അംഗങ്ങളായ സുമ രാജു, നിഷിത സുരേന്ദ്രൻ, എം.പി. സുലൈഖ, പി. ബിനിത വിജയൻ, ബോളൻ, അങ്ങാടിശ്ശേരി, തെങ്ങുമുട്, വിജയൻകുന്ന് ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ