തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷ വിവാദത്തില്‍ കമ്മീഷണറുടെ താക്കീതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച കന്റോണ്‍മെന്റ് സിഐ സതീഷ് കുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. സതീഷ് അവധിയില്‍ പോയതിന് പിന്നാലെ നാര്‍ക്കോട്ടിക് സെല്‍ സിഐക്ക് പകരം ചുമതല നല്‍കിയിരുന്നു.
താത്ക്കാലിക സിഐ ചുമതല ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സതീഷ് തിരികെ സ്റ്റേഷനിലെത്തിയത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിഐ തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നാണ് എസ്എഫ്ഐ യുടെ ആരോപണം.
യൂണിവേഴ്സിറ്റ് ഹോസ്റ്റര്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ സിഐ സതീഷ് കുമാറിനെ നേരിട്ട് വിളിച്ചായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ താക്കീത് ചെയ്തത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിലും കമ്മീഷണര്‍ അതൃപ്തി അറിയിച്ചിരുന്നു. പൊലീസില്‍ നിന്ന് പ്രകോപനപരമായ നീക്കം പാടില്ലെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സതീഷ് കുമാര്‍ അവധിയില്‍ പ്രവേശിച്ചത്.
അതേസമയം, സിഐ സതീഷ് കുമാറിനും കന്റോണ്‍മെന്റ് എസ്ഐ ഗോകുല്‍ ഗോപനുമെതിരെ നടപടി വേണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ആഭ്യന്തര വകുപ്പിന് പത്താം തീയതി വരെ സമയം നല്‍കുമെന്നും നടപടി ഇല്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് നിമിഷനേരം കൊണ്ട് സിഐ സതീഷ് അത് ഡിലീറ്റ് ചെയ്തുവെന്നും സ്ക്രീന്‍ഷോട്ട് എടുക്കും എന്നുപോലും അറിയാത്ത മണ്ടനാണ് സതീഷ് കുമാറെന്നും സഞ്ജീവ് പറഞ്ഞിരുന്നു. സതീഷ് കുമാര്‍ ആര്‍എസ്എസ് പ്രചാരകനാണെന്നും സഞ്ജീവ് ആരോപിച്ചിരുന്നു.



