ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ദർശന സൗകര്യം നടപ്പാക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2,400 പേർക്ക് വീതമാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുന്നത്.
ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 നും 5 നും ഇടയിൽ രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ ദർശനം നടപ്പിലാക്കാനാണ് ദേവസ്വം ഭരണസമിതി ഉദ്ദേശിക്കുന്നത്.
ഗുരുവായൂരിൽ പുതിയ വെറ്ററിനറി കോളേജ് ആരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി. പദ്ധതിക്കായി ആവശ്യമായ സ്ഥലവും കെട്ടിടവും വിട്ടുനൽകാൻ ദേവസ്വം തയ്യാറാണ്. നിലവിൽ ഗുരുവായൂർ ദേവസ്വത്തിന് 35 ആനകളും 1,600 പശുക്കളുമുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങാട് ഉള്ള 100 ഏക്കറോളം വരുന്ന എസ്റ്റേറ്റിലാണ് 1,400 പശുക്കളുള്ളത്. കൂടാതെ കാവീട് ഗോകുലത്തിൽ 119 പശുക്കളും കിഴക്കേനടയിലെ ഗോശാലയിൽ 32 പശുക്കളുമുണ്ട്.
തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വെറ്ററിനറി കോളേജ് ആരംഭിക്കാൻ സർക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ട് മുൻപ് ദേവസ്വത്തിന് 66 ആനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ എണ്ണം 35 ആയി കുറഞ്ഞിട്ടുണ്ട്. ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങിയാൽ എണ്ണം വർദ്ധിക്കും. നിലവിൽ ഇരുപതിലേറെ പേർ ആനകളെ നടയിരുത്താൻ തയ്യാറായി ദേവസ്വത്തെ സമീപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നിയമഭേദഗതിക്കായി സംസ്ഥാന സർക്കാർ ശ്രമിച്ചു വരികയാണെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി.



