തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മന്ത്രിമാരായ മുരളീധരൻ, സി പി ജോൺ, മേയർ വി വി രാജേഷ്, ഡോ. ശശി തരൂർ എം പി എന്നിവർ പങ്കെടുക്കും. നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കർ ലൈവ് ബാൻഡ് അവതരണവും ഉണ്ടായിരിക്കും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെ സമാപനമാകും. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.



