Sunday, August 9, 2026
Homeകേരളംകേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി

കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി

കൊച്ചി: കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അ‍ർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!! കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ച’തെന്നും ഫേസ്ബുക്കിൽ അർജുൻ ആയങ്കി കുറിച്ചിട്ടുണ്ട്.

തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അർജുൻ ആയങ്കി ആവശ്യപ്പെട്ടിട്ടുണ്ട്. ‘അയാളെന്തിനങ്ങനെ ചെയ്തു ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ. മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല; എന്ന് പറഞ്ഞാണ് അർജുൻ ആയങ്കി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. അഖിലിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടക്കുന്ന ദൃശ്യം പുറത്തുവന്നു. പൊലീസിനെ കബളിപ്പിച്ച് അർജുൻ തൃശൂരിൽ നിന്നും വണ്ടി മാറിയെന്നാണ് വിവരം. നേരത്തെ അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ പിടികൂടിയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇതിനിടെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോതമംഗലം ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പൊലീസ് തിരയുന്നത്. അതേസമയം, ഒളിയിടത്തിൽ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളാണുള്ളത്. ഇതിൽ കോതമംഗലത്തെ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അർജുൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ