കാസർഗോഡ് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലവിൽ ഈ അഞ്ചുപേരും രോഗമുക്തി നേടിയിട്ടുണ്ട്. പരിശോധനക്കയച്ച 74 സാമ്പിളുകളിൽ അഞ്ചെണ്ണമാണ് പോസിറ്റീവായത്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
നീലേശ്വരം ചാത്തമത്ത ഭാഗത്ത് 74 പേർ വയറിളക്കത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 27 കുട്ടികളുമുണ്ടായിരുന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയതിൽ അഞ്ചെണ്ണമാണ് പോസിറ്റീവായത്. നിലവിൽ ഈ അഞ്ചുപേരും രോഗമുക്തി നേടിയിട്ടുണ്ട്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വാർഡുകളിൽ ശക്തമാക്കും. പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു.
രോഗ ലക്ഷണമുള്ളവർ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് നിർദേശം നൽകി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, കൂൾ ബാറുകൾ മറ്റ് ഭക്ഷ്യ ഉൽപ്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.



