മലപ്പുറം. അരീക്കോട് എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിനി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരി പ്രതികൾ വിൽപ്പനക്ക് ശ്രമിക്കുമ്പോൾ ആണ് പൊലീസ് പിടിയിലായത്.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
അരീക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജ് പുറമേ നിന്ന് നോക്കിയാൽ സാധാരണ താമസസ്ഥലം. എന്നാൽ അകത്ത് നടന്നിരുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി ഇടപാടിനുള്ള ഒരുക്കങ്ങളാണ് രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് പൊലീസും നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിലായി.പൂക്കൊളത്തൂർ സ്വദേശികളായ മുഹമ്മദ് ദിൽഷാദ്, ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദാ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചത് ഫിദാ ഫാത്തിമയും സംഘത്തിലെ മറ്റ് അംഗങ്ങളുമാണെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിൽ ഡിഗ്രി വിദ്യാർത്ഥികളായ ഫിദാ ഫാത്തിമയും ഷഹൽ നമാസും ലഹരി എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.ലഹരി വാങ്ങുന്നതിനും ഇടപാടുകൾക്കുമായി പണം മുടക്കിയത് സജ്മീറാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
വിൽപ്പനയ്ക്കായി ലോഡ്ജിൽ കാത്തിരിക്കുമ്പോഴായിരുന്നു പൊലീസ് സംഘത്തിന്റെ അപ്രതീക്ഷിത റെയ്ഡ്. പരിശോധനയിൽ പ്രതികളിൽ നിന്ന് 13.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.പ്രതികൾ ചില്ലറ വില്‍പനക്കാർ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികൾ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്



