ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്കരണം 2025 അധ്യയന വർഷത്തിൽ തന്നെ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക പരിഷ്കരണം ഇത്രയും സമയബന്ധിതമായി പൂർത്തിയാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ഇത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ആകെ 597 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് വികസിപ്പിച്ചെടുത്തത്. ഇവയ്ക്കാവശ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കിക്കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവർക്കാവശ്യമായ പുസ്തകങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്തക പരിഷ്കരണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 2026 അധ്യയന വർഷം +1 ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. വരുന്ന ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ ഈ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കാനാണ് തീരുമാനം. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നത്.
കേവലമായ വായനയ്ക്ക് അപ്പുറം, പ്രായോഗിക പഠനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള നൂതനമായ സമീപനമാണ് പുതിയ ഹയർ സെക്കൻഡറി പുസ്തകങ്ങളിൽ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിന് തന്നെ വഴികാട്ടിയാകുന്ന ഘട്ടമാണിതെന്ന് പറഞ്ഞ അദ്ദേഹം മുഴുവൻ പേരുടെയും സഹകരണം ആവശ്യമാണെന്നും അഭ്യർത്ഥിച്ചു
അതേസമയം മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുണ്ടെന്നും യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.



