Friday, September 25, 2026
Homeകേരളംമാസപ്പടി കേസിൽ പിണറായിക്കെതിരെ തെളിവ് ശേഖരിക്കുന്നത് പ്രതിസന്ധിയിൽ: ആദ്യഘട്ടത്തിൽ ഇഡിക്ക് മൊഴി നൽകിയവർ ഇപ്പോൾ തിരുത്തുന്ന...

മാസപ്പടി കേസിൽ പിണറായിക്കെതിരെ തെളിവ് ശേഖരിക്കുന്നത് പ്രതിസന്ധിയിൽ: ആദ്യഘട്ടത്തിൽ ഇഡിക്ക് മൊഴി നൽകിയവർ ഇപ്പോൾ തിരുത്തുന്ന നിലപാടിലേക്ക് മാറി.

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി-ഹവാല കേസില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വലിയ തിരിച്ചടി നേരിടുന്നു

ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയും കടുത്ത സമ്മര്‍ദ്ദം ചെലുത്തിയുമാണ് തങ്ങളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയതെന്ന സി.എം.ആര്‍.എല്‍. എം.ഡി. ശശിധരന്‍ കര്‍ത്താ, മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി. സുരേഷ് കുമാര്‍ എന്നിവരുടെ വെളിപ്പെടുത്തലാണ് കേസിനെ നിര്‍ണായക ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. മുന്‍പ് നല്‍കിയ മൊഴികള്‍ തിരുത്തി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇ.ഡിക്ക് സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

ഇ.ഡി. അന്വേഷണ റിപ്പോര്‍ട്ടിന്റെയും കൈമാറിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കേസില്‍ പ്രാഥമിക അന്വേഷണം നടത്തുന്നത്. എന്നാല്‍, മുന്‍നിര സാക്ഷികളും കേസിന് ആസ്പദമായ വിവരങ്ങള്‍ നല്‍കേണ്ട പ്രധാന കണ്ണികളുമായ സി.എം.ആര്‍.എല്‍. അധികൃതര്‍തന്നെ മൊഴി തിരുത്തിയതോടെ, പുതിയ അന്വേഷണ സംഘത്തിന് സാക്ഷിമൊഴികള്‍ ലഭിക്കാനുള്ള സാധ്യത മങ്ങിയതായി നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്‍ മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ അഴിമതി ആരോപണമായതിനാല്‍ കേസില്‍ വ്യക്തവും കൃത്യവുമായ തെളിവുകള്‍ ഉറപ്പാക്കേണ്ടത് അന്വേഷണ ഏജന്‍സികള്‍ക്ക് അത്യാവശ്യമാണ്. മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കമ്പനി ഭാരവാഹികള്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ മുന്‍ മൊഴികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന വാദവും ഇതോടെ ശക്തമായി.

കേസില്‍ പിണറായി വിജയന് സി.എം.ആര്‍.എല്‍. കമ്പനി നേരിട്ട് കൈക്കൂലി നല്‍കിയെന്ന വാദം സ്ഥാപിച്ചെടുക്കണമെങ്കില്‍ ശക്തമായ തെളിവുകളും മൊഴികളും അനിവാര്യമാണ്. എന്നാല്‍ കമ്പനി ഭാരവാഹികള്‍ നിലപാട് മാറ്റിയതോടെ ക്രൈംബ്രാഞ്ചിന് മുന്നില്‍ തെളിവുശേഖരണം കടുത്ത കടമ്പയായി മാറും. മകള്‍ വീണയുടെ കമ്പനിക്ക് നല്‍കിയ തുക ഐ.ടി. സേവനത്തിനുള്ള പ്രതിഫലമാണെന്ന സി.എം.ആര്‍.എല്ലിന്റെയും വീണയുടെയും മുന്‍നിലപാട് വീണ്ടും ശക്തമാകാന്‍ ഇത് വഴിവെക്കും.

മാസപ്പടിയുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ അഴിമതിയാണെന്ന് തെളിയിക്കണമെങ്കില്‍ സി.എം.ആര്‍.എല്ലിന് പിണറായി വിജയന്‍ വഴി അനാവശ്യ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നതിന് രേഖാമൂലമുള്ള തെളിവുകള്‍ ആവശ്യമാണ്. സി.എം.ആര്‍.എല്‍. അധികൃതര്‍ സഹകരിക്കാതിരുന്നാല്‍ ഈ തെളിവുകള്‍ കണ്ടെത്തുക അന്വേഷണസംഘത്തിന് എളുപ്പമാകില്ല.

അതിനിടെ, ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റിയാസുമായി അടുത്തബന്ധമുണ്ടെന്ന് ഇ.ഡി. ചൂണ്ടിക്കാണിക്കുന്ന ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഹസന്‍ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദലാല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം പുരോഗമിക്കുന്നത്.

മറുവശത്ത്, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച്‌. വെങ്കടേഷിന്റെ മേല്‍നോട്ടത്തില്‍ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എസ്.പി. വിക്രമന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പിമാരായ കെ.ബി. ബെന്നി, എസ്.എം. പ്രദീപ് കുമാര്‍, എന്‍. ലിജു എന്നിവരും അഞ്ച് സി.ഐമാരും അടങ്ങുന്നതാണ് സംഘം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ (എന്‍.ഐ.എ.) സേവനത്തിനുശേഷം തിരിച്ചെത്തിയ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് എസ്.പി. വിക്രമന്‍.

അന്വേഷണ നടപടികളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ തടസ്സങ്ങളില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാനും അഴിമതി വിരുദ്ധ വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനും ഡി.ജി.പിക്ക് അധികാരമുണ്ട്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് അലമാണ് ഇതുസംബന്ധിച്ച കത്ത് ഡി.ജി.പിക്ക് കൈമാറിയത്.

സംശയിക്കപ്പെടുന്ന വ്യക്തികളുടെ ഫോണ്‍വിളി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുന്നതിനായി സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ സഹായവും അന്വേഷണസംഘം ഉറപ്പാക്കിയിട്ടുണ്ട്. സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി. അങ്കിത് അശോകനോട് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും അടിയന്തരമായി കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈബര്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരും നിലവില്‍ അന്വേഷണസംഘത്തിന്റെ ഭാഗമാണ്.

അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കേസില്‍ മുന്നോട്ടുപോകാന്‍ ആവശ്യമായ വ്യക്തമായ തെളിവുകള്‍ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചില്ലെങ്കില്‍ അത് നിലവിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമാകും. തുടക്കം മുതല്‍ ഈ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്ന സി.പി.എമ്മിന് ഇ.ഡി. നല്‍കിയ മൊഴികളിലെ തിരുത്ത് പുതിയ ആയുധമാകും. അതേസമയം അന്തിമ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണം യു.ഡി.എഫിനും രാഷ്ട്രീയ തിരിച്ചടിയായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ