ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ച പിടികിട്ടാപുള്ളിയായ പ്രതിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കൽ സ്വദേശി ഷമീമിനെയാണ് പുളിക്കൽ ആലുങ്ങലിൽ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് പിടികൂടിയത്.
ആലുവ കോടതിയുടെ പരിധിയിലുള്ള വിവിധ കേസുകളിൽ വിചാരണ നടപടികൾക്ക് ഹാജരാകാതെ ഇയാൾ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുളിക്കൽ ആലുങ്ങലിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് സ്ഥലം വളഞ്ഞ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.



