കൊച്ചി: പൊതുതാല്‍പര്യത്തിന് വിരുദ്ധമായ സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെങ്കിലും അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് അധികാരപരിധി മറികടക്കുന്ന നടപടിയെന്ന് കേരള ഹൈക്കോടതി. പോലിസിന്റെ റിപ്പോര്‍ട്ടിനെതുടര്‍ന്ന് ബ്ലോക്ക് ചെയ്ത ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.വിവാദ പോസ്റ്റുകള്‍ മാത്രം നീക്കി അക്കൗണ്ട് ഉടന്‍ പുനസ്ഥാപിക്കാനാണ് മെറ്റയ്ക്ക് നിര്‍ദേശം.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടിയുടെ ഹരജിയിലാണ് നടപടി.
ഹരജിക്കാരന്‍ അപ്ലോഡ് ചെയ്ത ചില പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നടപടി സ്വീകരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചത്. ചില പോസ്റ്റുകളെച്ചൊല്ലിയുള്ള എതിര്‍പ്പിന്റെ പേരില്‍ മുഴുവന്‍ അക്കൗണ്ടും ബ്ലോക്ക് ചെയ്തത് നിയമപരമായ അധികാരപരിധി മറികടക്കുന്നതാണെന്ന് രേഖകള്‍ പരിശോധിച്ച കോടതി അഭിപ്രായപ്പെട്ടു.സംസ്ഥാനത്തിന്റെ സുരക്ഷയെയോ പൊതുതാല്‍പര്യത്തെയോ ബാധിക്കുന്ന ഉള്ളടക്കം ഉണ്ടെങ്കില്‍ അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.



