സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്‌സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന് കത്ത് നൽകി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച വിദ്യാഭ്യാസ വകുപ്പ്, ഇതിനായി രണ്ടുമാസത്തെ സാവകാശം വേണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ സർക്കാരിന്റെ അഭ്യർത്ഥന തള്ളി സമരം തുടരാനാണ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
രണ്ടുമാസത്തെ സാവകാശം അനുവദിക്കാൻ കഴിയില്ലെന്നും കൃത്യമായ ഉറപ്പുകൾ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ആറുതവണ മന്ത്രിയെ കണ്ടപ്പോഴും ഇതേ കാര്യങ്ങൾ തന്നെയാണ് ആവർത്തിച്ചതെന്നും, വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷനെ നിയോഗിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.



