നിര്‍മ്മിത ബുദ്ധി- നൂതന സാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു.ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഐ ബി എസ് സോഫ്റ്റ്വെയര് ഗ്രൂപ്പ് ആരംഭിച്ച നാവിക് ടെക്നോളജിയുടെ പുതിയ കാമ്പസ് ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐ ബി എസ് ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഥോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്‍മ്മിത ബുദ്ധി മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എ ഐ ഡാഷ് ബോര്‍ഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു.
ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്‍മ്മിത ബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിക്കടി മാറുന്ന ഈ സാഹചര്യം പഠിക്കുന്നതിനു വേണ്ടി ഗ്ലോബല്‍ ജോബ് വാച് ടവര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിയമിച്ച വിദഗ്ധരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കരിക്കുലത്തിനും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയ്ക്കൊപ്പം സമൂഹവും സര്‍ക്കാരും മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ – ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ നിരന്തരമായ മാറ്റത്തിന് വിധേയമാവുകയാണ്. എ ഐ മേഖലയിലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതില്‍ നയപരമായ മാറ്റമെന്ന രീതിയലാണ് സംസ്ഥാന ഐ ടി മിഷന് ഫ്യൂച്ചര്‍ ടെക്നോളജി മിഷനായി മാറുന്നത്. ഇതിലൂടെ വിവിധ മേഖലകളെ സംയോജിപ്പിച്ചു കൊണ്ടുള്ള പുരോഗതി ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



