ആലപ്പുഴ : ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി.
സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന പുതിയ വിദ്യാർത്ഥികൾക്ക് മിഠായി വിതരണം ചെയ്യാനായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിന് എത്തിയതാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രി എത്തുന്നതിന് ആര മണിക്കൂർ മുന്നെയാണ് മിഠായി വിതരണം ചെയ്തുകൊണ്ടിരുന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്.
നിലവിൽ പ്രതിഷേധ സാഹചര്യമില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു. അറസ്റ്റിലായ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലാണ്. അവരെ വിട്ടുകിട്ടണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം ഉയർന്നു. നിലവിൽ സ്‌കൂളിൽ ആഭ്യന്തര മന്ത്രിയുടെ പരിപാടി സ്‌കൂളിൽ ആരംഭിച്ചു. ഇതിന് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.



