കേരളം ചുട്ടുപൊള്ളുന്നു. ചൂട് ഇനിയും കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ താപനില സാധാരണയെക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പില്ല. അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തൃശൂർ, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കുമെന്നാണ് പ്രവചനം. ഇന്നലെ പാലക്കാടാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പാലക്കാട്ടെ ഉയർന്ന താപനില. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടിയേക്കുമെന്നും അറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. ഈ ജില്ലകളില്‍ മഞ്ഞ അലർട്ടാണുള്ളത്.
അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണം
പകല്‍ 10 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണം.
പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മല്‍സ്യ തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. മലമ്ബ്രദേശങ്ങള്‍ , ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.