Monday, March 24, 2025
Homeകേരളംഇന്ന് തൈപ്പൂയം.

ഇന്ന് തൈപ്പൂയം.

മകരമാസത്തിലെ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്. (തമിഴ് പഞ്ചാംഗത്തിൽ തൈ മാസം) സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്ന് വിശ്വാസം. മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായണത്തിന്റെ തുടക്കം. ഇതാണ്‌ തൈപ്പൊങ്കൽ. അതേ മാസത്തിലാണ് തൈപ്പൂയവും ആഘോഷിക്കുന്നത്. തമിഴ്‌ നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം വളരെ പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും, സുബ്രഹ്മണ്യൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം അതി ഗംഭീരമായി നടക്കുന്നു.

തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം .
സുബ്രഹ്മണ്യനുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെകൂർക്കഞ്ചേരിയിലെ ശ്രീ മഹേസ്വര ക്ഷേത്രത്തിലെ തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.
ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടി
അഭിഷേകത്തിനാണ് പ്രാധാന്യം. ദിവസം മുഴുവൻ ഈ അഭിഷേകപൂജ നടക്കുന്നു.
താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയക്കുന്നത്‌. പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യൻറെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിൻറെ സ്മരണക്കാണ്‌ തൈപ്പൂയാഘോഷം.

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. മുരുകൻ, കുമാരൻ, ഗുഹൻ, സ്കന്ദൻ , കാർത്തികേയൻ, ശരവണൻ, ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തികമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തികമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിൻറെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി. വിവിധ പേരുകളും സിദ്ധിച്ചു. സുബ്രഹ്മണ്യൻ യോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു. ഗുഹൻ എന്ന പേരിൽ ശിവൻറേയും , സ്കന്ദൻ എന്ന പേരിൽ പാർവതിയുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിൻറേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി, ദേവയാനിഎന്നിവരാണവർ. ഇതിൽ വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായും പുരാണങ്ങൾ പറയുന്നു. എന്നാൽ മുരുകൻബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.

“ഹരഹരോ ഹരഹര ”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments