Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 16 | ഞായർ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 16 | ഞായർ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആളറിഞ്ഞു വേണം ഉത്തരം പറയാൻ
—————————————————————

അപരിചിതമായ ഗ്രാമീണ വഴിയിലൂടെ ഒരു യാത്രീകൻ നടന്നു വരികയായിരുന്നു. വഴിയിൽ ഒരു മരച്ചുവട്ടിലിരിക്കുന്ന വയോധികനക്കണ്ട് അടുത്ത ഗ്രാമത്തിലെത്താൻ, ഇനി എത്ര സമയം വേണമെന്നയാൾ ചോദിച്ചു. ഒരു മറുപടിയും കിട്ടിയില്ല. യാത്രക്കാരൻ വീണ്ടും മുമ്പോട്ടു നടക്കാൻ തുടങ്ങി. കുറച്ചു മുമ്പോട്ടു നടന്ന അയാളെ, വയോധികൻ തിരിച്ചു വിളിച്ചിട്ടു പറഞ്ഞു: “ഇനിയൊരു അര മണിക്കൂർ കൂടി മതി അവിടെയെത്താൻ”. വയോധികൻ പ്രതീക്ഷിച്ച ചോദ്യം തന്നെ യാത്രക്കാരനിൽ നിന്നും വന്നു: “താങ്കൾ എന്തുകൊണ്ടിതു നേരത്തേ പറഞ്ഞില്ല!” വയോധികൻ പറഞ്ഞു: ” ഇപ്പോഴാണു നിങ്ങളുടെ നടപ്പിൻ്റെ വേഗം ഞാൻ ശ്രദ്ധിച്ചത്”.

ഒരു കാര്യം ഒരാളെ പഠിപ്പിക്കാൻ ആദ്യം അയാളെ പഠിക്കണം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നയാളല്ല ഗുരു. ചോദ്യത്തിൻ്റെ ആഴത്തിനനുസരിച്ചു മാത്രമല്ല, ചോദ്യകർത്താവിൻ്റെ ശീലങ്ങർക്കനുസരിച്ചും, ഉത്തരത്തിൽ മാറ്റങ്ങൾ വരാം. ചൂണ്ടു പലകകൾക്കൊരു പരിമിതിയുണ്ട്. അവയ്ക്കു ദൂരം മാത്രമേ പറയാനാകൂ. യാത്രയ്‌ക്കെടുക്കുന്ന സമയം പറയാനാകില്ല. വഴി പറഞ്ഞു കൊടുക്കുന്നവർ ദൂരം മാത്രം അറിഞ്ഞാൽപ്പോരാ, വഴിയുടെ സ്വഭാവവും, യാത്രക്കാരൻ്റെ പ്രകൃതവും കൂടി അറിഞ്ഞിരിക്കണം.

ഒരു ചോദ്യവും നിസ്സാരമല്ല. ചോദ്യങ്ങളുടെ ഗൗരവം ഉത്തരങ്ങൾക്കും ഉണ്ടാകണം. ഓരോ ചോദ്യത്തിനും, പല ഉത്തരങ്ങളുണ്ടാകാം. ഒരേ ഉത്തരത്തിനു തന്നെ പല അവതരണ രീതികളും. ആളറിഞ്ഞു വേണം അറിവു വിളമ്പാൻ. ചോദിച്ചതു കൊടുക്കുന്നതിനേക്കാൾ, വേണ്ടതു കൊടുക്കുമ്പോഴാണ് ദാനം അർത്ഥ സമ്പൂർണ്ണമാകുന്നത്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments