താമരശ്ശേരി ചുരത്തിൽ ജനങ്ങളെ വലച്ച് രൂക്ഷമായ ഗതാഗതക്കുരുക്ക്. താമരശ്ശേരി ചുരം ഏഴാം വളവിൽ രാത്രി 12 മണിക്ക് കണ്ടയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്.
കേടായ ലോറി രണ്ടുതവണ മാറ്റിയെങ്കിലും, ചുരത്തിൽ കുടുങ്ങി കിടന്ന ടോറസ്, മൾട്ടി ആക്‌സിൽ അടക്കം നിരവധി വാഹനങ്ങൾ നിരങ്ങി തുടരുകയാണ്. നിലവിലെ അവസ്ഥയിൽ ഗതാഗതം സാധാരണ നിലയിലേക്ക് മാറാൻ 5 മണിക്കൂറെങ്കിലും എടുക്കും.
താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്ക് ജനങ്ങളെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ചുരം റോഡിൽ രൂക്ഷമായ ഗതാഗത തടസ്സമുണ്ടായത് ഒരു മാസത്തിന് മുൻപാണ്. നിരവധി ദീർഘദൂര ബസുകളും ചരക്കുവണ്ടികളും മറ്റ് വഴികളിൽ കുടുങ്ങിയിരുന്നു.
ആർ, ഏഴ്, എട്ട് വളവുകളിൽ ചുരത്തിൻ്റെ വീതികൂട്ടൽ പണികൾ നടക്കുന്നതിനാൽ റോഡിൽ അനുബന്ധമായ തടസ്സങ്ങൾക്കൊപ്പമാണ് കെഎസ്ആർടിസി ബസ് കൂടി കുടുങ്ങി യാത്രാതടസ്സം ഉണ്ടായത്. യന്ത്രത്തകരാർ പരിഹരിക്കാനായില്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് ബസ് നിരത്തുവക്കിലേക്ക് മാറ്റി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.



